
കോഴിക്കോട്: ക്രിസ്മസ് -ന്യൂയർ കാലത്തെ ലഹരിക്കടത്തിന് തടയിടാൻ എക്സെെസ് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിലൂടെ പിടികൂടിയത് 135ഓളം കേസുകൾ. 105 അബ്കാരി കേസുകളും 30 എൻ.ഡി.പി.എസ് കേസുകളുമാണ് ഡ്രെെവിന്റെ ഭാഗമായിപിടികൂടിയത്.
ക്രിസ്മസ് -ന്യൂയർ സമയത്തെ ലഹരിക്കടത്ത് നിയന്ത്രിക്കാൻ കർശന പരിശോധനയാണ് എക്സെെസ് നടത്തുന്നത്. നഗരത്തിന്റെ വിവിധ ഇടങ്ങൾ, അടച്ചു പൂട്ടിയ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്. ഇതിനായി കഴിഞ്ഞ ഒന്ന് മുതൽ എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്സാണ് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. കോഴിക്കോട് താമരശ്ശേരി കേന്ദ്രീകരിച്ച് ഒന്നും പേരാമ്പ്ര, വടകര കേന്ദ്രീകരിച്ച് ഒരു ഫോഴ്സുമാണ് പ്രവർത്തിക്കുന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ, പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
അതിർത്തി പട്രാളിംഗും കാര്യക്ഷമമാക്കിയിട്ടുണ്ട്. ഹോട്ടലുകളിലും റിസോർട്ടുകളിലും എക്‌സൈസും പൊലീസും പ്രത്യേക നിരീക്ഷണം നടത്തിവരികയാണ്. സംശയം തോന്നുന്ന സംഘങ്ങൾ മുറികൾ ബുക്ക് ചെയ്താൽ അറിയിക്കണമെന്നും ഉടമസ്ഥർക്ക് നിർദേശമുണ്ട്. ഫോറസ്റ്റ്, റെയിൽവേ എന്നിവയുമായും സഹകരിച്ച് സംയുക്ത പരിശോധനയും നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മറെെൻ വകുപ്പുമായി ചേർന്നും പരിശോധന നടക്കും.
മാത്രമല്ല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും റിസോട്ടുകളിലും ക്രിസ്മസ്, ന്യൂ ഇയർ പാർട്ടികൾക്കായി എം.ഡി.എം.എ അടക്കമുള്ള മാരക ലഹരി വൻ തോതിൽ എത്തിച്ചേക്കാമെന്ന സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങൾ കേന്ദ്രീകരിച്ച് കർശന പരിശോധനയും നടക്കുന്നുണ്ട്. ഡ്രൈവ് ജനുവരി മൂന്ന് വരെ തുടരും. സിവിൽ ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്.
'' ക്രിസ്മസ്, ന്യൂയർ പ്രമാണിച്ച് ലഹരി ഒഴുക്ക് തടയാൻ കർശന പരിശോധനയാണ് നടക്കുന്നത്''-
അബു എബ്രഹാം,
ഡെപ്യൂട്ടി എക്സെെസ് കമ്മിഷണർ