bufferzone
bufferzone

കോഴിക്കോട്: ബഫർസോൺ വിഷയത്തിൽ താമരശ്ശേരി രൂപത കെ.സി.ബി.സിയുടെയും കർഷക സമിതികളുടെയും നേതൃത്വത്തിൽ കൂരാച്ചുണ്ട് മലയോര മേഖലയിൽ ഇന്ന് സമരം തുടങ്ങും. കർഷകരെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിൽ ബഫർസോൺ അതിർത്തി തീരുമാനിക്കണമെന്നാണ് ആവശ്യം. നിലവിൽ പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ട് അബദ്ധമാണെന്നും ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ലെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയാണെന്നും താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

കർഷകരുടെ പ്രശ്‌നങ്ങൾ മനസിലാക്കാതെ ഈ മാപ്പ് ചെയ്തവർക്ക് മാപ്പ് കൊടുക്കാനാവില്ല. അതുകൊണ്ട് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ഉപഗ്രഹ മാപ്പ് എത്രയും പെട്ടെന്ന് പിൻവലിച്ച് സുപ്രീംകോടതി നിർദേശ പ്രകാരം, ലഭിച്ചിരിക്കുന്ന സമയം പ്രയോജനപ്പെടുത്തി നടപടികൾ സ്വീകരിക്കണം. രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച് അവരുടെ നേതൃത്വത്തിൽ കാര്യങ്ങൾ നടത്തണം. സാമൂഹികാഘാത പഠനം നടത്താൻ കമ്മിറ്റിയെ നിയോഗിക്കണം. അതിജീവനത്തിനുള്ള അവകാശം കർഷകർക്കുണ്ട്. അത് നിഷേധിക്കാൻ പാടില്ല. വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെ അതിർത്തികൾ സംസ്ഥാന സർക്കാർ വനത്തിലുള്ളിലേക്ക് മാറ്റി പുനർനിർണയിച്ച് കേന്ദ്രവൈൽഡ് ലൈഫ്‌ബോർഡിന് സമർപ്പിച്ച് ശാശ്വതമായ പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവേ റിപ്പോർട്ടിൽ കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ ഭൂരിഭാഗവും പുതുപ്പാടിയിലെ രണ്ട് സർവേ നമ്പറിലെ ഭൂമിയും ബഫർ സോണിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ മേഖലയിലെ ജനവാസയിടങ്ങളുടെയും വീടുകളുടെയും കൃത്യമായ വിവരണങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. ബഫർസോൺ വിഷയത്തിൽ പ്രമേയം പസാക്കി സുൽത്താൻ ബത്തേരി നഗരസഭയും രംഗത്തുവന്നിട്ടുണ്ട്. സുൽത്താൻ ബത്തേരി നഗരമാകെ ബഫർ സോൺ പരിധിയിലാണ് വരുന്നത്. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നുമാണ് നഗരസഭയുടെ ആവശ്യം. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത്.