കോഴിക്കോട്: അറുപത്തിയൊന്നാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടും ജില്ലാ കലോത്സവത്തിലെ പരാതികൾ തീരുന്നില്ല. റവന്യൂ ജില്ലാ കലോത്സവത്തിൽ അപ്പീൽ നൽകിയത് മാനദണ്ഡങ്ങളില്ലാതെയാണെന്ന പരാതിയുമായി നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു ഗ്രേഡ് പോലും ഇല്ലാത്ത സ്കൂളുകൾക്ക് പോലും അപ്പീൽ കൊടുത്തെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ചേവായൂർ സബ് ജില്ലയിൽ സംഘനൃത്തത്തിന് രണ്ടാം സ്ഥാനം മാത്രം നേടി ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാത്ത സ്കൂളൂകൾ പോലും അപ്പീൽ പട്ടികയിൽ മുമ്പിലാണ്.
ഡി.ഇ.ഒകൾ മുഖാന്തരം 300 ഓളം അപ്പീലുകളാണ് എത്തിയത്. എന്നാൽ അപ്പീൽ ലഭിച്ചവരുടെ വിവരം നോട്ടീസ് ബോർഡിൽ പതിച്ചിട്ടില്ല. മാനദണ്ഡം കാറ്റിൽ പറത്തി അപ്പീൽ നൽകിയത് പുറത്താകാതിരിക്കാനാണ് അപ്പീൽ നൽകിയ പട്ടിക പുറത്തുവിടാത്തതെന്നാണ് ആരോപണം. അതേസമയം, അദ്ധ്യാപക സംഘടനകൾ നൽകിയ വിവരാവകാശത്തിലൂടെ 40 പേർക്ക് അപ്പീൽ നൽകിയതായി വ്യക്തമായി. ഓരോ ജില്ലകൾക്കും 10% മാത്രമാണ് അപ്പീൽ നൽകാൻ അനുവദിച്ചിരിക്കുന്നത്. എന്നാൽ ജില്ലയിൽ 10ശതമാനത്തിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് അപ്പീൽ നൽകിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ആരോപണം.
കൊയിലാണ്ടി സ്വദേശിനിയായ വിദ്യാർത്ഥിനി നേഹയാണ് കേരള നടനം ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ തനിക്ക് അപ്പീൽ തരാതെ മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനിയ്ക്ക് അപ്പീൽ നൽകിയതിനെതിരെ രംഗത്തു വന്നത്. നാടോടി നൃത്തം ഹയർ സെക്കൻഡറി വിഭാഗത്തിലും രണ്ടും മൂ ന്നും സ്ഥാനക്കാർക്ക് അപ്പീൽ നൽകാതെ നാലാം സ്ഥാനക്കാരിക്ക് അപ്പീൽ നൽകിയതായും പരാതിയുണ്ട്. പരാതിക്കാരി നാട്ടുകാരുടെ സഹായത്താൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
അതേ സമയം രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും മറുപടികൾക്ക് ഉത്തരം നൽകാതെ പിന്മാറുകയാണ് അധികൃതർ.
മാനദണ്ഡം മറികടന്ന് അപ്പിൽ നൽകിയതിനെ ചോദ്യം ചെയ്ത് രക്ഷിതാക്കൾ കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത്തരത്തിൽ പരാതികളുടെയും അപ്പീലുകളുടെയും മേള കൂടിയാവുമോ കലോത്സവമെന്നതാണ് കണ്ടറിഞ്ഞ് കാണേണ്ടത്.മോഹിനിയാട്ടം ഹൈസ്കൂൾ വിഭാഗത്തിൽ മാർക്ക് അട്ടിമറിച്ച തായും പരാതിയുണ്ട്.