citu

കോഴിക്കോട് : രണ്ടുലക്ഷം പേർ അണിനിരക്കുന്ന റാലിയോടെ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനമാവും. കോഴിക്കോട് കടപ്പുറത്ത് എം. വാസു നഗറിൽ വൈകിട്ട് അഞ്ചിന് സമാപന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത, ജനറൽ സെക്രട്ടറി തപൻ സെൻ, എളമരം കരീം എം.പി എന്നിവർ പ്രസംഗിക്കും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും.

കേന്ദ്രീകരിച്ച പ്രകടനമുണ്ടാവില്ല. പ്രതിനിധികൾ വൈകിട്ട് നാലിന് ടാഗോർ ഹാളിൽനിന്ന് പ്രകടനമായി പൊതുസമ്മേളന നഗരിയിലെത്തും. ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും സി.ഐ.ടി.യു അംഗങ്ങൾ കുടുംബസമേതം റാലിയിൽ പങ്കെടുക്കും. ഇന്ന് പുതിയ ഭാരവാഹികൾ, കമ്മിറ്റി, അഖിലേന്ത്യ സമ്മേളന പ്രതിനിധികൾ എന്നിവരെ തിരഞ്ഞെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ ചർച്ച പൂർത്തിയായി. അഖിലേന്ത്യാ പ്രസിഡന്റ് ഡോ.കെ. ഹേമലത, ജനറൽ സെക്രട്ടറി തപൻ സെൻ, കേരള കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി പനോളി വത്സൻ എന്നിവർ പ്രസംഗിച്ചു. ചർച്ചകൾക്ക് എളമരം കരീം ഇന്ന് മറുപടി പറയും. മൂന്നുദിവസത്തെ സമ്മേളനത്തിൽ 604 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

@ കെ.എസ്.ആർ.ടി.സിയും റെയിൽവേയും ചർച്ചയായി

കെ.എസ്ആർടി.സിയിലെ പ്രതിസന്ധിയും റെയിൽവേ സ്വകാര്യവത്കരണവും സമ്മേളനത്തിൽ ചർച്ചയായി. കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാൻ തൊഴിലാളികൾ പ്രതിജ്ഞാബദ്ധരാണെന്ന് സമ്മേളനം വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാനുള്ള നടപടികളാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. സുശീൽഖന്ന റിപ്പോർട്ടിലെ സാമ്പത്തിക പുനഃസംഘടനാ നിർദ്ദേശമുൾപ്പെടെ സർക്കാർ നടപ്പാക്കിയെങ്കിലും മാനേജ്‌മെന്റും തൊഴിലാളികളും നടപ്പാക്കേണ്ട നിർദ്ദേശങ്ങൾ ഫലവത്താകാത്തതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് സംഘടന ആരോപിക്കുന്നു. തൊഴിലാളികളെ ശത്രുക്കളായി കാണുന്ന മനോഭാവം മാനേജ്‌മെന്റ് തിരുത്തണം.

റെയിൽവേ സ്വകാര്യവത്കരണം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്വകാര്യവത്ക്കരിച്ചാൽ യാത്രാനിരക്ക് വലിയ തോതിൽ വർദ്ധിക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.