കോഴിക്കോട് : മേപ്പാടി പോളിടെക്‌നിക്കിലെ എം.എസ്.എഫ് യൂണിറ്റ് സെക്രട്ടറി ലഹരി ഉപയോഗിച്ചെന്ന മന്ത്രി എം.ബി രാജേഷിന്റെ ആരോപണം തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗൂഢാലോചനയുടെ ഭാഗമായാണ് മന്ത്രി വ്യാജ പ്രചാരണം നടത്തിയത്. തെറ്റായ പ്രസ്താവന നടത്തിയ മന്ത്രി മാപ്പു പറയണം. രണ്ടു ദിവസത്തിനകം മാപ്പു പറഞ്ഞില്ലെങ്കിൽ മാനനഷ്ടത്തിനു കേസ് ഫയൽ ചെയ്യുമെന്നും നവാസ് പറഞ്ഞു.
റസ്മിൽ പൊലീസ് കേസിൽ പ്രതിയാണെന്നും അറസ്റ്റിലാണെന്നും എം.ബി രാജേഷ് പ്രചരിപ്പിച്ചു. റസ്മിൽ ലഹരി ഉപയോഗിക്കുന്ന വീഡിയോ ദൃശ്യമുണ്ടെന്നും കള്ളം പറഞ്ഞു. രണ്ട് കാര്യങ്ങളും തെറ്റാണ്. ഈ കേസിൽ റസ്മിൽ പ്രതിയല്ല. ഭരണകക്ഷി മന്ത്രിക്ക് അറിയാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും അദ്ദേഹത്തിന്റെ പേര് മന്ത്രി വലിച്ചിഴച്ചത് മനപ്പൂർവമായ രാഷ്ട്രീയ അജണ്ടയാണ്. പുറത്തുവന്ന ദൃശ്യങ്ങളിൽ റസ്മിലിന്റെ സാന്നിദ്ധ്യം പോലുമില്ല.
മേപ്പാടി പോളിയിലെ എസ്.എഫ്.ഐ നേതാവിനെ അക്രമിച്ച പ്രതികൾ രണ്ട് മാസങ്ങൾക്കു മുമ്പ് എം.എസ്.എഫ് നേതാക്കളെ അക്രമിച്ച കേസിലെ അതേ പ്രതികളാണ്. ഇവർ ആരാണെന്നത് ഈ മാസം ഏഴിന് ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ പരാതിക്കാരിയായ അപർണ ഗൗരി തന്നെ പറയുന്നുണ്ട്. മുൻ എസ്.എഫ്.ഐ പ്രവർത്തകരാണ് ഇവരെന്ന അപർണയുടെ ആ വാദമാണ് യാഥാർത്ഥ്യം. നടപടി നേരിട്ട് പുറത്തായ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ എസ്.എഫ്.എ യൂണിറ്റ് സെക്രട്ടറി വിഷ്ണു ആണ്. മറ്റൊരാൾ ഭാരവാഹിയും. മന്ത്രി പറഞ്ഞ വീഡിയോ ദൃശ്യങ്ങൾ പ്രകാരം പുറത്ത് പോയത് എസ്.എഫ്.ഐ നേതാക്കൾ തന്നെയാണ്. യാതൊരു തെളിവുകളോ സാക്ഷികളോ ഇല്ലാതെ സർക്കാരിന്റെ രാഷ്ട്രീയ ദുരുദ്ദേശത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ പൊലീസ് അന്യായമായി ക്രൂശിക്കുകയാണെന്നും നവാസ് പറഞ്ഞു. റസ്മിൽ, സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ, കോഴിക്കോട് ജില്ലാ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ജസാർ, ആസിഫ് കലാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.