കോഴിക്കോട്: സുരക്ഷിതമായി താമസിക്കാൻ ഒരിടമില്ലെന്ന പ്രതിസന്ധി തരണം ചെയ്യാൻ ട്രാൻസ്ജെന്റേഴ്‌സിന് ഷെൽട്ടർ ഹോം ആരംഭിക്കാൻ ഒരുങ്ങുകയാണ് പുനർജനി കൾച്ചറൽ സൊസൈറ്റി. വീട്ടിൽ പോകാൻ കഴിയാത്തവർക്കും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലും സർജറി ചെയ്ത് കെയർ ആവശ്യമുള്ളവർക്കും താമസിക്കാൻ ഒരു സംവിധാനം നഗരത്തിൽ ഒരുക്കുകയാണ് ലക്ഷ്യം. തികച്ചും സൗജന്യമായി ഇവിടെ താമസിക്കാം. ടൗണിൽ നിന്ന് അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ ഓഫീസും ഷെൽട്ടർ ഹോമും ഒന്നിച്ച് തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് പുനർജനി പ്രസിഡന്റ് സിസിലി ജോർജ് പറഞ്ഞു.
ജില്ലയിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ദീർഘകാലത്തെ ആവശ്യത്തെത്തുടർന്ന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മഴവിൽ പദ്ധതിയുടെ കീഴിൽ ഇവർക്കായി 2019 ൽ ഷെൽട്ടർ ഹോം ഒരുക്കിയിരുന്നു. 30 പേർക്ക് താമസിക്കാൻ സൗകര്യം ഒരുക്കുന്ന തരത്തിലായിരുന്നു ഷെൽട്ടർ ഹോം. മുഴുവനായും സൗജന്യമായിരുന്നു താമസം. പുനർജനി കൾച്ചറൽ സൊസൈറ്റിക്കായിരുന്നു ഇതിന്റെയും നടത്തിപ്പ് ചുമതല. ഒരു വർഷത്തേക്ക് വാടകയ്ക്ക് എടുത്ത കെട്ടിടത്തിലായിരുന്നു താമസം. ഒരു വർഷത്തെ പദ്ധതി ആയിരുന്നെങ്കിലും 17 മാസത്തോളം അത് നടത്തിക്കൊണ്ടുപോയതായി പുനർജനി ഭാരവാഹികൾ പറയുന്നു. വിജയകരമായതുകൊണ്ട് തന്നെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ സാമൂഹ്യ നീതി വകുപ്പിന് നിവേദനം നൽകിയിരുന്നു. എന്നാൽ അതിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സ്വന്തമായി വീട് വാടകയ്ക്ക് എടുത്ത് ഷെൽട്ടർ ഹോം തുടങ്ങാൻ പുനർജനി തീർുമാനിച്ചത്.