കോഴിക്കോട് : ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ -2 24 മുതൽ 28 വരെ ബേപ്പൂർ മറീനയിൽ നടക്കുമെന്ന് കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഢി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചാലിയം ബീച്ച് കൂടി ഫെസ്റ്റിന്റെ ഭാഗമാകും. കലാകാരന്മാരെ ഉൾപ്പെടുത്തി നിരവധി സാംസ്കാരിക കലാപരിപാടികളും അരങ്ങേറും. ഫറോക്ക് നല്ലൂർ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 7ന് പരിപാടികൾക്ക് തുടക്കമാവും.
രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനം 24 ന് വൈകീട്ട് 4 മണിക്ക് തുടങ്ങുന്ന ഘോഷയാത്രയോടെ ആരംഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ജലകായിക മേളകളും, ഇന്ത്യൻ നേവി, കോസ്റ്റ്ഗാർഡ്, കേരള പൊലീസ് തുടങ്ങിയവരുടെ അഭ്യാസ പ്രകടനങ്ങളും നടക്കും. വിദേശ വിദഗ്ദ്ധസംഘം ഭാഗമാകുന്ന കൈറ്റ് ഫെസ്റ്റിവൽ ഫെസ്റ്റിവലിനെ കൂടുതൽ വർണാഭമാക്കും. ഫുഡ് കോർട്ട്, കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന കാർണിവൽ, ഇന്ത്യൻ നേവി, കോസ്റ്റ്ഗാർഡ് കപ്പലുകൾ അഡ്വഞ്ചർ വാട്ടർ പാരാമോട്ടോറിംഗ് തുടങ്ങിയവ ഫെസ്റ്റിന്റെ പ്രത്യേകതകളാണ്. 28 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ, സാംസ്കാരിക പ്രമുഖർ പങ്കെടുക്കും. ഫെസ്റ്റിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണ ജോർജ്,വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്ത വിവിധ പരിപാടികൾ നടന്നു.
ആവേശം പകരാൻ പായ്വഞ്ചിയോട്ട മത്സരം
കോഴിക്കോട് : ബേപ്പൂർഫെസ്റ്റിലെ വാട്ടർ സ്പോർട്സ് ഇനങ്ങളിൽ മുഖ്യ ആകർഷണം പായ്വഞ്ചിയോട്ട മത്സരം. ഡിസംബർ 27, 28 തീയതികളിലാണ് മത്സരം നടക്കുക. 27ന് രാവിലെ 10.30 ന് മത്സരം ആരഭിക്കും. ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ക്ലബാണ് മേളയിലെ സാഹസിക വാട്ടർ സ്പോർട്സ് മത്സരങ്ങൾ നടത്തുന്നത്. ഇന്ത്യൻ നേവി റിട്ട. കമാൻഡർ അഭിലാഷ് ടോമിയാണ് ഇവന്റ് ക്യൂറേറ്റർ.
ഈ വർഷത്തെ പായ്വഞ്ചിയോട്ട മത്സരത്തിന് മികവ് കൂട്ടാൻ ഇന്ത്യൻ സെയിലിംഗ് താരവും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ ശ്വേത ഷെർവെഗർ പരിശീലിപ്പിച്ച 15 പെൺകുട്ടികളുമെത്തുന്നുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നടക്കാവ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെയും കാരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെയും ഹൈസ്ക്കൂൾ പ്ലസ്ടു വിഭാഗങ്ങളിലെ 30 പെൺകുട്ടികളെയാണ് ശ്വേത സെയിലിംഗ് പരിശീലിപ്പിച്ചത്. ഇവരിൽ 15 പേരാണ് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നത്. ഈ വർഷം ഇരുപതിലധികം സെയിലിംഗ് ബോട്ടുകളാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് ജെല്ലിഫിഷ് വാട്ടർ സ്പോർട്സിന്റെ സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. പായ്വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ളവർക്ക് ഡിസംബർ 27 ന് രാവിലെ 10 മണി വരെ പേരുകൾ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9400893112, 9778266141 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.