കോഴിക്കോട്: ജനങ്ങളുടെ അഭിപ്രായം കേൾക്കാത്ത ഭരണാധികാരികൾ തകർന്നടിയുമെന്ന മുന്നറിയിപ്പുമായി ഭാരത് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കല്ലായിപ്പുഴ നികത്തി ശുചി മുറി മാലിന്യ പ്ലാന്റ് നിർമ്മിക്കുന്നത് അധികാരികളുടെ തലതിരിഞ്ഞ വികസന പദ്ധതിയാണെന്നും ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്ത് അടിച്ചൊതുക്കിയല്ല വികസന പദ്ധതി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കണ്ടൽ കാടുകൾ വെട്ടിമാറ്റിയല്ല പദ്ധതി നടപ്പാക്കേണ്ടത്. പള്ളിക്കണ്ടി അഴിക്കൽ റോഡിൽ കല്ലായിപ്പുഴ നികത്തി ശുചി മുറി മാലിന്യ പ്ലാന്റ് നിർമിക്കുന്നതിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ സമരപ്പന്തലും പദ്ധതി പ്രദേശവും അദ്ദേഹം സന്ദർശിച്ചു. പ്രതിരോധ സമിതി ജനറൽ കൺവീനർ എം.പി.സിദീഖ്, ഭാരത കിസാൻ യൂണിയൻ നേതാവ് ആർ.കെ.മേഗ്വാൾ കോഓർഡിനേറ്റർ എം.പി.സക്കീർ ഹുസൈൻ , ടി. അൻവറ എന്നിവർ പ്രസംഗിച്ചു.