pinarayi

കോഴിക്കോട്: സ്വകാര്യവത്കരണമല്ലാതെ മറ്റു വഴിയില്ലെന്ന് പറഞ്ഞ് പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റഴിക്കുന്ന മോദി സർക്കാരിനോട് കേരളത്തിന് പറയാനുള്ളത് ഇതിനെല്ലാം ബദലുണ്ട് എന്നാണെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.സി.ഐ.ടി.യു സംസ്ഥാന സമ്മേളന സമാപന റാലി കോഴിക്കോട് കടപ്പുറത്തെ എം.വാസു നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങൾ വിൽക്കാൻ വച്ച രണ്ട് പൊതുമേഖലാസ്ഥാപനങ്ങൾ കേരളം വാങ്ങി. ഇപ്പോഴത് ലാഭകരമാണ്. ജീവനക്കാരെല്ലാം സുരക്ഷിതർ. നഷ്ടമാണെങ്കിൽ സംസ്ഥാന സർക്കാരിനെ ഏൽപിക്കൂ എന്ന നിർദ്ദേശം മുന്നോട്ടുവച്ചപ്പോൾ വിൽക്കാൻ വച്ചവ പൊതുകമ്പോളത്തിൽ നിന്നും വാങ്ങിക്കൊള്ളാനായിരുന്നു മറുപടി. അങ്ങനെയായാലും കേരളം വാങ്ങും. തൊഴിലാളികളും അവരുടെ ക്ഷേമവുമാണ് കേരളം മുന്നോട്ടു വയ്ക്കുന്ന ബദൽ.

സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. ജി.എസ്.ടി നടപ്പിലാക്കിയപ്പോൾ സംസ്ഥാനങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകിയിരുന്നു. അഞ്ചു വർഷം കൊണ്ട് അത് നിറുത്തലാക്കി. പന്ത്രണ്ടായിരം കോടിയാണ് ഇതുമൂലം സംസ്ഥാനത്തിനുണ്ടാവുന്ന പ്രതിവർഷ നഷ്ടം. ഇത്തരം നഷ്ടങ്ങളെക്കുറിച്ച് പറയുമ്പോൾ കേന്ദ്രസർക്കാരിന്റെ ഉപജാപകരായ കേരളത്തിൽ നിന്നുള്ള ചില പെട്ടിപ്പാട്ടുകാർ ഒരു പ്രശ്‌നവുമില്ലെന്ന് പ്രചരിപ്പിക്കുകയാണ്.
കോൺഗ്രസ് തുടക്കമിട്ട ആഗോളവത്ക്കരണ-ഉദാരവത്കരണ നയങ്ങൾ ബി.ജെ.പി തീവ്രമായി നടപ്പാക്കുന്നു. തൊഴിൽ നയങ്ങൾ കാറ്റിൽ പറത്തുന്നു. എട്ട് മണിക്കൂർ ജോലി, സംഘടിക്കാനുള്ള അവകാശം എന്നിവ ഇല്ലാതാക്കുന്നു. ആഗോളവത്കരണ നയങ്ങൾ നടപ്പാക്കിയ കോൺഗ്രസ് എന്നിട്ടും തെറ്റ് സമ്മതിക്കുന്നില്ല. രാജ്യത്ത് തൊഴിൽമേഖലയെ ഇല്ലാതാക്കുകയാണ് . കേന്ദ്ര സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 10 ലക്ഷം തസ്തിക ഒഴിഞ്ഞു കിടക്കുന്നു. 82 ശതമാനം പേരാണ് അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നത്. അവരുടെ ജീവിതം ദുരിതപൂർണമാണ്- മുഖ്യമന്ത്രി പറഞ്ഞു.

സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ, പ്രസിഡന്റ് ഹേമലത, സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.