പേരാമ്പ്ര: ബി.ജെ.പി പ്രാദേശിക നേതാവിനെയും മകനെയും വാഹനഇടിച്ച്അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ബി.ജെ.പി കമ്മിറ്റി വൈസ് പ്രസിഡന്റ് അനീഷ് കർമയെയും പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി നിവേദ് എ. എസിനെയുമാണ് വാഹനഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിൽ അനീഷിന് കൈക്കും കാലിനും പരിക്കേറ്റു. നിസാര പരിക്കുകളോടെ മകൻ നിവേദ് രക്ഷപ്പെടുകയായിരുന്നു.
ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ പേരാമ്പ്ര പട്ടണത്തിൽ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു. ഞായറാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപം എമ്പസി ഹോട്ടലിനു മുന്നിൽ ബൈക്ക് നിർത്തി ഫോൺ ചെയ്യുകയായിരുന്ന തന്നെ പുറകിൽ നിന്ന് വന്ന കാർ യാത്രികനായ യുവാവ് അസഭ്യം പറയുകയും തുടർന്ന് തങ്ങളുടെ വാഹനത്തെ പിന്തുടർന്ന് ചേനോളി റോഡ് ജംഗ്ഷന് സമീപം വെച്ച് ഇടിച്ചു തെറിപ്പിച്ചതായും അനീഷ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. റോഡിൽ വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട സംസാരത്തെ തുടർന്നാണ് സംഭവമെന്ന് പറയുന്നു .അനീഷിനെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.