st
കർഷക മാർച്ച്

സുൽത്താൻ ബത്തേരി: കാർഷിക വായ്പയുടെ പേരിൽ കർഷകർക്ക് ജപ്തി നോട്ടീസ് നൽകി വസ്തുവകകൾ പിടിച്ചെടുക്കാനുള്ള നടപടിക്കെതിരെ കാർഷിക വികസന ബാങ്കിലേക്ക് 22ന് ഫാർമേഴ്സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും. ജപ്തി നടപടിയിൽ നിന്ന് ബാങ്കുകൾ പിൻമാറാത്ത പക്ഷം നോട്ടീസ് ലഭിച്ചിട്ടുള്ള മുഴുവൻ കർഷകരെയും അണിനിരത്തി ശക്തമായ സമരത്തിന് സംഘടന നേതൃത്വം നൽകും. വന്യമൃഗ ശല്യവും വിളനാശവും വിലയിടിവും പരിസ്ഥിതി ലോല പ്രശ്നങ്ങളും ചേർന്ന് കർഷകർക്ക് ഒരു സെന്റ് ഭൂമി പോലും വിൽക്കാൻ പറ്റാത്ത സാഹചര്യമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപ്പെട്ട് കർഷകരുടെ കടങ്ങൾ എഴുതി തള്ളണം.
രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സഹകരണ ബാങ്കുകളാണ് വായ്പയുടെ പേരിൽ കർഷകരെ കൂടുതൽ പീഡിപ്പിക്കുന്നതെന്നും ഫാർമേഴ്സ് റിലീഫ് ഫോറം ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ ചെയർമാൻ പി.എം.ജോർജ്, സംസ്ഥാന കൺവീനർ എൻ.ജെ.ചാക്കോ, ജില്ലാ സെക്രട്ടറി എ.സി.തോമസ്,അംഗങ്ങളായ അപ്പച്ചൻ ചികല്ലിൽ, ഒ.ആർ.വിജയൻ എന്നിവർ പങ്കെടുത്തു.