കോഴിക്കോട് ; ദേശീയ അന്തർദേശീയ കോഴ്സുകളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനുവേണ്ടി പ്രത്യേക പദ്ധതികൾ രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് പുനഃസംഘടിപ്പിച്ച ആസൂത്രണസമിതിയുടെ ആദ്യയോഗത്തിലാണ് തീരുമാനം.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ മേഖലകളിൽ അടുത്ത വർഷത്തേക്ക് തയ്യാറാക്കേണ്ട പ്രധാന പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തു.
നിലവിലുളള പ്രവൃത്തികളുടെ നിർവ്വഹണവും വിലയിരുത്തലും സംബന്ധിച്ച കാര്യങ്ങളിൽ ആസൂത്രണസമിതി, വർക്കിംഗ് ഗ്രൂപ്പ് എന്നിവയുടെ ഇടപെടലുകൾ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ സമഗ്രശേഷി വികസനം, നൈപുണ്യ വികസനം, ജില്ലാ പഞ്ചായത്ത് സ്‌കൂളുകൾക്കു വേണ്ടി സ്‌കൂൾ ഗവേണൻസ് സിസ്റ്റം, എന്നിവ ഉൾപ്പെടെ സമഗ്രമായ വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നൽകാനും ധാരണയായി.
അഭ്യസ്തവിദ്യരും സാങ്കേതിക യോഗ്യതയുളളവരുമായ സത്രീകൾക്ക് തൊഴിൽ സാധ്യത ഉറപ്പാക്കൽ, സ്ത്രീകളുടെ മാനസികാരോഗ്യ പോഷണത്തിനുളള പ്രത്യേക പദ്ധതി, വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കുമായി പദ്ധതികൾ, സ്‌പോർടസ് അക്കാദമികളുടെ ശാക്തീകരണം ഉൾപ്പെടെയുളള കായിക വികസന പദ്ധതിയും നടപ്പാക്കും. പ്രൊഫഷണൽ യോഗ്യതയുള്ളവരുടെ സഹകരണസംഘം രൂപീകരിച്ച് സംരംഭങ്ങൾക്ക് സഹായം നൽകുന്നതിനുള്ള പദ്ധതികൾ, വൈദ്യുതി ഇന്റർനെറ്റ് തടസ്സമില്ലാത്ത ഐ.ടി ഹബ്ബുകൾ സ്ഥാപിക്കൽ, ഉല്പ്പാദന മേഖലയിൽ തരിശുരഹിത പദ്ധതി തുടരൽ, ജില്ലാ വെറ്റിനറികേന്ദ്രം അത്യാധുനിക സൗകര്യമുള്ള ഹോസ്പിറ്റലായി ഉയർത്തുന്നതിനുളള നടപടികൾ എന്നിവ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. ആസൂത്രണസമിതി അംഗങ്ങൾ, വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ ചെയർമാൻമാർ, കൺവീനർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.