വടകര: മേമുണ്ട സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരൻ ക്ലാസ് മുറിയിലെ ഡസ്‌കിൽ വരച്ച മെസി ചിത്രം ഇനി ഫിഫയുടെ കൈയിൽ. കോട്ടപ്പള്ളി കണ്ണമ്പത്തുകര സ്വദേശി ആൽവിൻ എസ് രാജിനാണ് ഈ അപ്രതീക്ഷിത അംഗീകാരം. ഡസ്‌കിൽ വരച്ച മെസി ചിത്രം ക്ലാസ് ടീച്ചർ ഒ.കെ.ജിഷ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ടതോടെയാണ് ചിത്രം വൈറലായത്. ഇത് ശ്രദ്ധയിൽപ്പെട്ട ഖത്തർ ഫുട്ബോൾ ഗാനം രചിച്ച പേരോട് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായ പി.എ.നൗഷാദ് ചിത്രം പ്രിന്റെടുത്ത് ഫിഫ ഒഫീഷ്യൽസിന് കൈമാറുകയായിരുന്നു. ബാസിലാ സിലാ...., സിയോ സിയോ... എന്നീ രണ്ട് ഗാനങ്ങൾ രചിച്ചതിനെ തുടർന്ന് നൗഷാദിനെ ഓർഗനൈസറായി ഖത്തർ ക്ഷണിച്ചിരുന്നു. ഈ അടുപ്പം ചിത്രം കൈമാറാൻ അവസരമായി. ആൽവിൻ വരച്ച ചിത്രം ഫിഫ സൂക്ഷിക്കുകയോ അർജന്റീന താരം മെസിക്ക് കൈമാറുകയോ ചെയ്യും. യൂട്യൂബാണ് ചിത്രകലയിലെ ആൽവിന്റെ ഗുരു. കണ്ണമ്പത്തുകര വി.പി.ജീവൻ-രമ്യ ദമ്പതികളുടെ മകനാണ്.