
കോഴിക്കോട്: കൗമാരകലോത്സവത്തിന് കലവറയുടെ കാരണവരായി രുചിയുടെ തമ്പുരാൻ പഴയിടം മോഹനൻ നമ്പൂതിരിയെത്തും. പഴയിടം കലവറ കൈയ്യടക്കുന്ന 17-ാമത് സംസ്ഥാന കലോത്സവമാണ് കോഴിക്കോട്ടേത്. 2019ൽ കാഞ്ഞങ്ങാട്ടെ അവസാനകലോത്സവത്തിനും പഴയിടം പെരുമയിലായിരുന്നു ഭക്ഷണം. ഭക്ഷണകാര്യങ്ങൾ വിലയിരുത്താൻ തിങ്കളാഴ്ച കോഴിക്കോട്ടെത്തുമെന്നും ഇത്തവണ കോഴിക്കോട്ടുകാർക്കായി സ്പെഷ്യൽ ചേനപ്പായസം കരുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 100 പായസക്കൂട്ടുകൾ കൈയ്യിലുണ്ട്. രുചികളുടെ രാജാക്കൻമാർ വാഴുന്ന കോഴിക്കോട്ടുകാർ ആവശ്യപ്പെടുന്ന ഏത് പായസവും ഉണ്ടാക്കുമെന്നും പഴയിടം അറിയിച്ചു.
ജനുവരി മൂന്ന് മുതൽ ഏഴുവരെ നീളുന്ന കലോത്സവത്തിന് ഏതാണ്ട് ഒന്നരലക്ഷത്തോളം പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്. നാലുനേരം ഭക്ഷണമുണ്ടാകും. പ്രഭാതഭക്ഷണം,ഉച്ചയ്ക്ക് സദ്യ,വൈകിട്ട് പലഹാരവും ചായയും,അത്താഴം. ഉച്ചയ്ക്ക് മാത്രം 15000 പേർക്കാണ് സദ്യവിളമ്പുക. കോഴിക്കോട്ടെ കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ ഒരുദിവസം 24000 പേർ ഭക്ഷണം കഴിച്ച ചരിത്രമുണ്ട്. അതുകൊണ്ടുതന്നെ ഊട്ടുപുരയിലേക്കെത്തുന്ന എല്ലാവർക്കും ഭക്ഷണമുണ്ടാവുമെന്ന് ഭക്ഷണകമ്മിറ്റി കൺവീനർ വി.പി.രാജീവൻ പറഞ്ഞു.
മലബാർ ക്രിസ്ത്യൻകോളേജിലെ വിശാലമായ ഗ്രൗണ്ടിലാണ് ഭക്ഷണവിതരണം. 24 വേദികളിൽ നിന്നായി ഇവിടേക്ക് മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും എത്താൻ വാഹനസൗകര്യമുണ്ടായിരിക്കും. സർക്കാർ നൽകുന്ന ഫണ്ട് കൊണ്ടുമാത്രം കാര്യങ്ങൾ നടക്കില്ലെന്നതിനാൽ സ്‌കൂളുകളിൽ നിന്ന് വിഭവസമാഹരണവും പുറത്തു നിന്നുള്ള സ്‌പോൺസറിംഗും നടത്തുന്നുണ്ട്. കലോത്സവത്തിന്റെ ആവേശം കുട്ടികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തേങ്ങയും ചേനയും കടലയുമൊക്കെ ശേഖരിക്കുന്നത്. കുട്ടികൾ വലിയ ആവേശത്തോടെയാണ് വിഭവസമാഹരണത്തിൽ പങ്കാളികളാവുന്നത്.