
കോഴിക്കോട് : കോർപ്പറേഷൻ അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി ആരംഭിച്ച അവകാശം അതിവേഗം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സേവനങ്ങൾ അന്തിമഘട്ടത്തിലേക്ക്. കോർപ്പറേഷൻ പരിധിയിൽ പ്രത്യേക സർവേ നടത്തി കണ്ടെത്തിയവർക്കാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം പുതുവർഷത്തിൽ നടത്താനാണ് നഗരസഭയുടെ തീരുമാനം.
അതിദരിദ്രരിൽ റേഷൻ കാർഡില്ലാത്ത 52 പേരിൽ 30 പേർക്ക് റേഷൻ കാർഡ് നൽകി. 814 കുടുംബങ്ങളിൽ 512 കുടുംബങ്ങളെ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം റേഷൻ കാർഡിൽ ഉൾപെടുത്തി. ആധാർ കാർഡില്ലാത്ത 56 പേരിൽ 22 പേർക്ക് ആധാർ അനുവദിച്ചു. ബാക്കിയുള്ള 18 പേരുടെ ആധാർ അപേക്ഷ അക്ഷയ മുഖേന സമർപ്പിച്ചു. 67 ഗുണഭോക്താക്കൾക്ക് ഇലക്ഷൻ തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ചു.
68 കുടുംബങ്ങൾക്കാണ് കുടുംബശ്രീ അയൽക്കൂട്ട അംഗത്വം അനുവദിച്ചത്. അതി ദരിദ്രരായതും സാമൂഹ്യ സുരക്ഷാ പെൻഷന് അർഹരാണെന്ന് കണ്ടെത്തിയ 30 ഗുണഭോക്താക്കളുടെ അപേക്ഷകൾ കൗൺസിലിന്റെ പരിഗണനയിലാണ്. കൗൺസിൽ അംഗീകാരം നൽകിയാൽ വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഇവർക്ക് ലഭിക്കും. 69 ഗുണഭോക്താക്കളെ നഗര തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ കാർഡ് അനുവദിച്ചു. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് കഴിക്കാൻ നിവൃത്തിയില്ലാത്ത 105 കുടുംബങ്ങൾക്ക് നഗരത്തിലെ ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം ലഭിക്കുന്ന പദ്ധതി ആസൂത്രണം ചെയ്തു. ജനുവരി ഒന്നു മുതൽ മൂന്നുനേരം ഭക്ഷണം ലഭിക്കുന്ന പദ്ധതിക്ക് തുടക്കമാകും. പാചകം ചെയ്ത ഭക്ഷണം വാതിൽ പടി സേവനത്തിൽ ഉൾപ്പെടുത്തി ഇത്തരം ഗുണഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുടുംബങ്ങൾക്ക് സീറോ ബാലൻസ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് കേരളാ ബാങ്കുമായി സഹകരിച്ച് 30 പേർക്ക് പുതുതായി ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കോർപ്പറേഷൻ സഹായം നൽകി.
@ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
അവകാശം അതിവേഗം പദ്ധതിയുടെ ഭാഗമായി അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ടാഗോർ ഹാളിൽ കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, ഓർത്തോ, കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്‌മെന്റുകളുടെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ചികിത്സയ്ക്ക് പുറമെ മരുന്നും വിവിധ പരിശോധനാ കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. നഗരസഭ ഡിസ്‌പെൻസറികളിൽ ലഭ്യമായിട്ടുള്ള മരുന്നുകൾക്ക് പുറമെ മറ്റു മരുന്നുകൾ നീതി മെഡിക്കൽ സ്റ്റോർ മുഖേന ലഭ്യമാക്കി. രോഗികൾക്ക് തുടർ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. കോർപ്പറേഷൻ പരിധിയിലെ 127 ഗുണഭോക്താക്കൾ ക്യാമ്പിൽ പരിശോധനയ്ക്കായി എത്തി. ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി, ഹെൽത്ത് ഓഫീസർ ഡോ.ശശി കുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീജ ഹരീഷ് എന്നിവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.ദിവാകരൻ സ്വാഗതവും പ്രോജക്ട് ഓഫീസർ ടി.കെ.പ്രകാശൻ നന്ദിയും പറഞ്ഞു.