beypore
beypore

ബേപ്പൂർ: ബേപ്പൂരിന്റെ മുഖഛായ മാറ്റുന്ന വാട്ടർഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു. വിവിധ സ്റ്റാളുകളും പവലിയനുകളും അവസാനഘട്ട ഒരുക്കത്തിലാണ്. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തിൽ ഇടം നേടിയ ബേപ്പൂർ ഫെസ്റ്റ് രണ്ടാം സീസണിന് നാളെ തിരിതെളിയും. 28 വരെ നീളുന്ന ബേപ്പൂർ വാട്ടർഫെസ്റ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയാണ്.

ബേപ്പൂരിൽ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ടൂറിസംവകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. സിറ്റ് ഓൺ ടോപ്പ് കയാക്കിംഗ്, വൈറ്റ് വാട്ടർ കയാക്കിംഗ്, ബാംബൂ റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക ഇനങ്ങൾക്ക് പുറമെ തദ്ദേശവാസികൾക്കായി നാടൻ തോണികളുടെ തുഴച്ചിൽ മത്സരങ്ങൾ, വലവീശൽ, ചൂണ്ടയിടൽ എന്നിവയും സംഘടിപ്പിക്കുന്നു. സെയിലിംഗ് റെഗാട്ടയിൽ വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കുന്നുണ്ട്.

വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കോഴിക്കോടിന്റെ തനത് രുചി വിഭവങ്ങൾ അണിനിരക്കുന്ന മെഗാ ഫുഡ് ഫെസ്റ്റിവെലും മേളയുടെ മുഖ്യാകർഷണമാവും. ടൂറിസം കാർണിവൽ, ഫുഡ് ആൻഡ് ഫ്‌ളീ മാർക്കറ്റ് എന്നിവ മുഴുവൻ ദിവസങ്ങളിലും രാവിലെ 10 മുതൽ രാത്രി 10 വരെയുണ്ടാവും.

നാളെ വൈകീട്ട് 7.30 മുതൽ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും നയിക്കുന്ന ഗാനസന്ധ്യ അരങ്ങേറും. 25 ന് വിധുപ്രതാപ് ഷോ, പാഗ്ലി ബാൻഡ് സംഗീത പരിപാടി എന്നിവ അരങ്ങേറും. 26 ന് നവ്യാനായർ, കെ.കെ നിഷാദ്, താമരശ്ശേരി ബാൻഡ് എന്നിവരുടെ കലാപരിപാടികൾ നടക്കും. 27 ന് ശിവമണി, കാവാലം ശ്രീകുമാർ, പ്രകാശ് ഉള്ള്യേരി, സൗരവ് കൃഷ്ണ, ഗുൽ സക്‌സേന എന്നിവരുടെ കലാപ്രകടനങ്ങൾ വേദിയിലെത്തും. 28 ന് തൈക്കുടം ബാൻഡ് കാണികൾക്ക് മുന്നിലെത്തും.