കോഴിക്കോട്: കർഷകർക്ക് പ്രതീക്ഷയും ആവേശവുമായി വേങ്ങേരി അഗ്രിഫെസ്റ്റ് കാർഷിക വിപണനമേളയ്ക്ക് തുടക്കം. മാർക്കറ്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും കച്ചവടക്കാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർഷിക മേള നാടിന്റെ ആഘോഷമായി മാറി. 31 വരെ നീളുന്ന മേളയിൽ നാട്ടുചന്ത, ഫ്ലവർ ഷോ, അലങ്കാര മത്സ്യ പ്രദർശനം, കാർഷിക സെമിനാറുകൾ, ഭക്ഷ്യ മേള, അമ്യൂസ് മെന്റ് പാർക്ക്, നൃത്തനൃത്ത്യങ്ങൾ, ഗാനമേള, കുട്ടികൾക്കുള്ള വിനോദ പരിപാടികൾ, റസിഡന്റ്സ് അസോസിയേഷനുകളുടെ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.
കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മുതിർന്നവർക്ക് 50 രൂപയാണ് പ്രവേശന ഫീസ്. കൃഷി വകുപ്പിന്റെ 40 സ്റ്റാളുകളടക്കം 150 ഓളം സ്റ്റാളുകളാണ് മേളയിൽ ഒരുക്കുന്നത്. വിവിധതരം ജൈവ പച്ചക്കറികൾ, തേൻ, വ്യത്യസ്തയിനം വാഴപ്പഴങ്ങൾ, വിത്തുകൾ, വളങ്ങൾ തുടങ്ങിയവ കൊണ്ട് സജ്ജമാണ് സ്റ്റാളുകൾ. മാർക്കറ്റിൽ പ്രതിവർഷം 500 ടൺ വിൽപ്പനയാണ് നടക്കുന്നതെന്നും ഇത് 700 ടണ്ണിൽ എത്തിക്കുകയാണ് മേള ലക്ഷ്യം വയ്ക്കുന്നതെന്നും സംഘാടകർ പറയുന്നു. മാർക്കറ്റിൽ ഒഴിഞ്ഞു കിടക്കുന്ന 13 ഏക്കറിൽ 150 കോടിയുടെ പദ്ധതി വിഭാവനം ചെയ്തിതിട്ടുണ്ട്. കിഫ്ബി വഴി 20 കോടി രൂപയുടെ സർക്കാർ അനുമതി ലഭിച്ചതായും സംഘാടകർ പറഞ്ഞു.
മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങൾക്ക്
കൂടുതൽ വിപണി കണ്ടെത്താൻ ശ്രമം: കൃഷിമന്ത്രി
കോഴിക്കോട്: മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. കുറഞ്ഞത് 50 ശതമാനമെങ്കിലും വർദ്ധനവാണ് സർക്കാർ ഉദ്ദ്യേശിക്കുന്നതെന്നും വേങ്ങേരി അഗ്രിഫെസ്റ്റ് കാർഷിക വിപണനമേള ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. കാർഷിക വിളകൾ മൂല്യവർദ്ധിത ഉത്പന്നങ്ങളായാൽ കർഷകരുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും. മൂല്യവർദ്ധിത ഉത്പന്നങ്ങളിലേക്ക് എത്തുന്നതിനായി വാല്യൂ ആഡഡ് അഗ്രികൾച്ചർ മിഷൻ രൂപീകരിച്ചിട്ടുണ്ട്. 11 സർക്കാർ വകുപ്പുകൾ ചേർന്ന ഈ സംവിധാനത്തിൽ മുഖ്യമന്ത്രി ചെയർമാനായും കൃഷി, വ്യവസായ മന്ത്രിമാർ വൈസ് ചെയർമാൻമാരുമായി പ്രവർത്തിക്കും.
നിലവിൽ 19 റീഫർ വാഹനങ്ങൾ കൃഷിവകുപ്പ് പുറത്തിറക്കിയിട്ടുണ്ട് . പ്രാഥമിക കാർഷിക ബാങ്കുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ രംഗത്ത് ഗൗരവമായി ഇടപെട്ടാൽ കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാനാകും. ഉത്പന്നങ്ങളുടെ ആകർഷകമായ പാക്കിംഗിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിംഗുമായി ചേർന്നു ട്രെയിനിംഗ് സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ.ബീന ഫിലിപ്പ്, കൃഷിവകുപ്പ് ഡയറക്ടർ ഇൻ ചാർജ് ജോർജ് അലക്സാണ്ടർ എന്നിവർ മുഖ്യാതിഥികളായി. വേങ്ങേരി മാർക്കറ്റിലെ ലേലത്തിൽ ഏറ്റവും കൂടുതൽ പച്ചക്കറി കൊണ്ടുവന്ന കർഷകൻ മഞ്ചേരി പുൽക്കൊള്ളി അബ്ദുള്ളകുട്ടിക്കോയയെ ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.നാസർ. കൗൺസിലർ കെ.സി.ശോഭിത, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി ഗവാസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി ഇ.എസ്, വേങ്ങേരി മാർക്കറ്റ് അസി.സെക്രട്ടറി അജയ് അലക്സ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി തടമ്പാട്ടുത്താഴം പ്രസിഡന്റ് രമേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. വേങ്ങേരി മാർക്കറ്റ് സെക്രട്ടറി രമാദേവി പി.ആർ സ്വാഗതവും അഗ്രി ഫെസ്റ്റ് ചെയർമാൻ കെ ജയൻ നന്ദിയും പറഞ്ഞു.