@ കേസ് അട്ടിമറിക്കാൻ നീക്കം

വടകര: അഴിയൂരിൽ വിദ്യാർത്ഥിനിയെ ലഹരിക്കടിമയാക്കി ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ മൊഴിയെടുത്തില്ലെന്ന് പരാതി. ഇരയുടെ വീടിന്റെ അരക്കിലോമീറ്റർ അടുത്തു വരെ എത്തിയിട്ടും കുട്ടിയെ സന്ദർശിക്കാനോ കുട്ടിയുടെ മൊഴിയെടുക്കാനോ തയ്യാറാവാതെ ലഹരി മാഫിയ വിഷയത്തിൽ അവ്യക്തത ഉന്നയിച്ച ബാലവകാശ കമ്മിഷൻ നടപടിക്കെതിരെ വിദ്യാർത്ഥിനിയുടെ മാതാവാണ് പരാതിയുമായി രംഗത്തെത്തിയത്.

മകളുടെയും മൊഴിയോ വിവരങ്ങളോ ശേഖരിക്കാതെ സംഭവത്തിൽ അവ്യക്തത ഉന്നയിച്ചു നടത്തിയ പരാമർശം ഇരകളോട് കാണിക്കുന്ന അനീതിയാണെന്ന് മാതാവ് ആരോപിച്ചു. ദിവസങ്ങളോളം ലഹരിക്കടിപ്പെട്ടതിന്റെ ആസക്തിയിൽ നിന്നും മകൾ ഇതുവരെ മോചിതയായിട്ടില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ കൗൺസിലിംഗ് തുടരുകയാണെന്നും മാതാവ് പറഞ്ഞു . അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡി.വൈ.എസ്.പിക്കും, ശിശുക്ഷേമ സമിതിയുടെ മുന്നിലും കൃത്യമായി പ്രതികളുടെ പേര് പറഞ്ഞു കൊണ്ട് മൊഴികൊടുത്തിട്ടുണ്ട്. പ്രതികളായ രണ്ടുപേരുടെ ഫോട്ടോ മകൾ തിരിച്ചറിഞ്ഞത് ഹെഡ് ടീച്ചറുടേയും സ്കൂൾ കൗൺസിലറുടേയും സാന്നിധ്യത്തിലാണ്. സംഭവത്തിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് മാതാവ് ആരോപിച്ചു. തന്നെയും മകളെയും മാനസികമായി തളർത്തുന്ന നടപടിയാണ് ഇപ്പോഴും പൊലീസ് സ്വീകരിക്കുന്നത്. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് മകളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൗൺസിലിംഗിന് കൊണ്ടുചെന്നെങ്കിലും കൗൺസിലിംഗ് നടക്കാതെ മടങ്ങുകയാണുണ്ടായത്. ഇരയോടൊപ്പം നിൽക്കേണ്ട ബാലാവകാശ കമ്മീഷൻ ഇത്തരത്തിൽ സമീപനം സ്വീകരിച്ചതിൽ വേദനയുണ്ട്, യഥാർത്ഥ പ്രതികളെ പിടികൂടാൻ കോടതിയെയും സമീപിച്ചിട്ടുണ്ടെന്നും മാതാവ് പറഞ്ഞു