കോഴിക്കോട് : ഐ.എൻ.എൽ സംസ്ഥാന സമ്മേളനം 28,29,30 തീയതികളിൽ കോഴിക്കോട്ട് നടക്കും. 28ന് രാവിലെ 10.30ന് പതാക ഉയർത്തും. മുതലക്കുളം മൈതാനത്താണ് പരിപാടികൾ. ഏഴു സെഷനുകളിലായി 60ലേറെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
28ന് യുവജനവിദ്യാർത്ഥി സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സിനിമാതാരം ടൊവിനോ തോമസ് ലഹരി വിരുദ്ധ പ്രഖ്യാപനം നടത്തും. ഉച്ചയ്ക്കു ശേഷം വനിതാ സിമ്പോസിയം വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യും. 29ന് പാർട്ടി ദേശീയ കൗൺസിൽ യോഗം ചേരും. 12 സംസ്ഥാനങ്ങളിൽ നിന്നായി 65 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ തൊഴിലാളി സമ്മേളനം. ഉച്ചയ്ക്കു ശേഷം ദേശീയ സെമിനാർ മന്ത്രി എം.ബി. രാജേഷും വൈകിട്ട് പ്രവാസി കുടുംബസംഗമം മന്ത്രി വി. അബ്ദുറഹ്മാനും ഉദ്ഘാടനം ചെയ്യും.
30ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിലെ മഹാസമ്മേളനത്തോടെ സമാപനമാകും. ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്യും. ഡി.എം.കെ സെക്രട്ടറി കനിമൊഴി എം.പി മുഖ്യാതിഥിയായിരിക്കും.
പിളർപ്പില്ലെന്ന്
ഐ.എൻ.എൽ ഒന്നേ ഉള്ളൂവെന്നും പിളർന്നിട്ടില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവരെ പുറത്താക്കിയിട്ടുണ്ട്. അത് പിളർപ്പല്ല. തെറ്റിദ്ധരിച്ച് പാർട്ടി വിട്ടുപോയവർ തിരിച്ചുവരുന്നുണ്ട്. ഐ.എൽ.എല്ലിന്റെ പേരോ പതാകയോ ചിഹ്നമോ പുറത്തായവർ ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി വിധിയുണ്ട്. അത് ലംഘിച്ചാൽ നിയമപരമായി നേരിടും. എൽ.ഡി.എഫിന്റെ പരിഗണന തങ്ങൾക്ക് തന്നെയാണെന്നും എൽ.ഡി.എഫ് യോഗങ്ങളിൽ പങ്കെടുക്കാറുണ്ടെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.