pappa
മിഠായിത്തെരുവിൽ ക്രിസ്മസ് തിരക്കിനിടയിലൂടെ നടന്നു നീങ്ങുന്ന ക്രിസ്മസ് പപ്പ.

കോഴിക്കോട്: ക്രിസ്മസിന് സ്വാഗതമോതി നാടും നഗരവും. ക്രിസ്മസ് ആഘോഷിക്കാൻ ഇന്നലെ വിപണിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഡിസംബർ മാസത്തെ കനത്ത തണുപ്പിലും കച്ചവടച്ചൂടിന് ഒട്ടും കുറവില്ലായിരുന്നു. പാളയം , മിഠായിത്തെരുവ്, നടക്കാവ്, ബീച്ച് , മാനാഞ്ചിറ എന്നിവിടങ്ങളിലെല്ലാം പൊതുവേ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഒത്തു ചേർന്നും കേക്ക് മുറിച്ചും വിവിധ കലാപരിപാടികളുമായായിരുന്നു സ്ഥാപനങ്ങളുടെയും മറ്റും ക്രിസ്മസ് ആഘോഷം. കോളേജുകളിലും സ്കൂളുകളിലും കളിഞ്ഞ ദിവസമായിരുന്നു ആഘോഷം. നഗരത്തിൽ പലയിടത്തും ക്രിസ്മസ് പപ്പാകൾ ജനങ്ങളെ കാണാനെത്തി.

ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി നഗരം മുഴുവൻ വൈദ്യുത ദീപാലങ്കരങ്ങളാൽ അലംകൃതമാണ്. ക്രിസ്മസ് ട്രീ, ബലൂണുകൾ, ക്രിസ്മസ് ബെൽ, പുൽക്കൂടുകൾ, രൂപങ്ങൾ, മറ്റ് അലങ്കാരങ്ങൾ തുടങ്ങിയവ തേടി ആളുകൾ ഇന്നലെയും നഗരത്തിലെത്തി.ക്രിസ്മസ് കേക്കുകളും,വൈനുകളും വസ്ത്രങ്ങളും അലങ്കാര വസ്തുക്കളുമടക്കം കച്ചവടം പൊടി പൊടിക്കുന്ന കാഴ്ചയായിരുന്നു നഗരത്തിലെങ്ങും. നക്ഷത്രങ്ങൾക്കും പുൽക്കൂടുകൾക്കുമാണ് ആവശ്യക്കാർ കൂടുതലും.

ക്രിസ്മസ് തൊപ്പികളും തോരണങ്ങളും സാന്റാ മാസ്‌ക്കുകളും വിൽക്കാൻ വഴിയോരങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഒരു വലിയ സംഘം തന്നെ മത്സരിക്കുന്നുണ്ടായിരുന്നു. ഡ്രൈഫ്രൂട്ട് വിപണിയും കഴിഞ്ഞ മാസം മുതൽ സജീവമായിരുന്നു. കേക്കുകളും വൈനുകളും നിർമ്മിക്കാനാണ് ഡ്രൈഫ്രൂട്സ് കൂടുതലായും ഉപയോഗിക്കുന്നത്. മിക്സ് ഡ്രൈഫ്രൂഡ്സ് അടങ്ങിയ ഗിഫ്റ്റ് പാക്കുകൾക്കും നല്ല ചെലവായിരുന്നു. ക്രിസ്മസ് കേക്കിൽ പുതിയ രുചിക്കൂട്ടുകൾ തിരയുന്നവരായിരുന്നു അധികവും എന്നാൽ മിക്ക കടകളിലും കാരമൽ, ചോക്‌ളേറ്റ്, ബ്ലാക്ക്, വൈറ്റ് ഫോറസ്റ്റ് കേക്കുകളാണ് കൂടുതലായി നിരന്നത്. എല്ലാ വർഷങ്ങളിലേയും എന്ന പോലെ വ്യത്യസ്ത രുചികളിലുള്ള പ്ലം കേക്കുകൾക്കും ആവശ്യക്കാരേറെയായിരുന്നു.പുതുവത്സരാഘോഷം വരെ കേക്ക് വിൽപ്പന തുടരും. അതിനാൽ പരമാവധി കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

വാഹനം പാർക്ക് ചെയ്യാനിടമില്ല; തിങ്ങി നിറഞ്ഞ് ആളുകൾ

ആഘോഷങ്ങളുടെ ഭാഗമായി നിരവധി ആളുകൾ നഗരത്തിലെത്തിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. ബീച്ച്, മാനാ‌ഞ്ചിറ തുടങ്ങി പലയിടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാനിടമില്ലാതെ ജനങ്ങൾ വലഞ്ഞു. നോ പാർക്കിംഗ് സ്ഥലങ്ങളിൽ പോലും വാഹനങ്ങൾ നിരയായി നിറുത്തിയിടുന്ന കാഴ്ചയായിരുന്നു. റോഡരികുകളെല്ലാം ഇരു ചക്രവാഹനങ്ങൾ അടക്കം കീഴടക്കിയതിനാൽ കാൽനട യാത്രക്കാരും ബുദ്ധിമുട്ടിലായി. ക്രിസ്മസ് ന്യൂഇയർ അവധിക്ക് നാട്ടിലേക്ക് പോകുന്നവരെക്കൊണ്ട് ഉന്തും തള്ളുമായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും, റെയിൽവേ സ്റ്റേഷനിലും. ബസുകളിലും ട്രെയിനുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.