cattle
പേരാമ്പ്രയിലെ കന്നുകാലി ചന്ത

പേരാമ്പ്ര: ജില്ലയ്ക്ക് അകത്തും പുറത്തും ശ്രദ്ധേയമാണ് പേരാമ്പ്ര കന്നുകാലി ചന്ത. പഴയ കാർഷിക സംസ്‌കൃതിയുടെ അവശേഷിക്കുന്ന അടയാളമായി ഇന്നും തുടരുന്ന ഞായർ ചന്ത പക്ഷേ, സ്ഥലപരിമിതിയിൽ ശ്വാസം മുട്ടുകയാണ്. വടകര, ബാലുശേരി, കുറ്റ്യാടി, കൊയിലാണ്ടി, മലപ്പുറം, പാലക്കാട്, മഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് പശു, ആട്, പോത്ത്, എരുമ തുടങ്ങിയ വളർത്തുമൃഗങ്ങളെ വാങ്ങാനും വിൽക്കാനും വാഹനങ്ങളുമായാണ് എല്ലാ ഞായറാഴ്ചകളിലും കച്ചവടക്കാർ എത്തുന്നത്. പ്രദേശത്തെയും സമീപ ദേശത്തേയും 500ഓളം കുടുംബങ്ങളുടെ ജീവിതോപാദി കൂടിയാണ് ഈ ചന്ത. കന്നുകാലി ചന്തയുടെ പശ്ചാത്തലത്തിൽ വീട്ടുപകരണങ്ങളായ കൊട്ട, വട്ടി, മുറം, പായ, വിത്തിനങ്ങൾ തുടങ്ങിയവയും ഇലക്ട്രോണിക് ഉത്പന്നങ്ങളും വിപണനത്തിനെത്തുന്നു. എന്നാൽ ചന്തയിൽ കൊണ്ടുവരുന്ന നൂറുകണക്കിന് വളർത്തുമൃഗങ്ങൾക്ക് നിന്നുതിരിയാൻ സൗകര്യമില്ലാത്തത് പ്രധാന വെല്ലുവിളിയാവുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് മലയോര മേഖലയിലെ ജനങ്ങൾക്ക് തങ്ങളുടെ ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ ഏറെ സഹായകരമായിരുന്നു ഞായറാഴ്ച ചന്ത. പഴയ പൊലീസ് സ്റ്റേഷൻ പരിസരം , വടകര റോഡ്, പഴയ മത്സ്യമാർക്കറ്റ് പരിസരം എന്നിവിടങ്ങളിലായിരുന്നു നേരത്തെ കച്ചവടം നടന്നിരുന്നത്. ടൗൺ വികസനത്തിന്റെ ഭാഗമായി വഴിയോരക്കച്ചവടം നിരോധിച്ചതോടെ ഇത്തരം കച്ചവടക്കാരുടെ വരവും ഇവരുണ്ടാക്കുന്ന ഉത്പ്പന്നങ്ങളുടെ വിപണനവും നിലയ്ക്കുമോയെന്ന ആശങ്കയിലാണ്. മാത്രമല്ല, പേരാമ്പ്ര ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ കന്നുകാലി ചന്തയും മറ്റൊരിടം തേടി പോകുമോ എന്ന സംശയവും ഏറുകയാണ്.

'കന്നുകാലി ചന്തയ്ക്ക് ഉൾപ്പെടെ ആവശ്യമായ സ്ഥലവും സൗകര്യവുമൊരുക്കി ഇടനിലക്കാരില്ലാത്ത
ഗ്രാമീണ വിപണന സംരംഭങ്ങൾക്ക് സാഹചര്യമൊരുക്കണം'. എം.പി.പ്രകാശ്