കോഴിക്കോട് : ഒക്ടോബറിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ മെസ്സിൽ നടന്ന മോഷണക്കേസിൽ ഒരാൾ അറസ്റ്റിൽ. എലത്തൂർ കാട്ടിലപ്പീടിക സ്വദേശി അഭിനവ് എന്ന സച്ചു (18) ആണ് പൊലീസ് പിടിയിലായത്. ടൗൺ അസി. കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇൻസ്‌പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ കസബ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മയക്കുമരുന്ന് ഉപയോഗത്തിനും ആഢംബര ജീവിതത്തിനും പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. നിരവധി തവണ ഇത്തരം മോഷണങ്ങൾ നടത്തിയിരുന്നെങ്കിലും പിടിക്കപ്പെട്ടാൽ കേസില്ലാതെ ഒത്തുതീർപ്പാക്കാറാണ് പതിവ്. കൂട്ടുകാരോടൊപ്പം കടകളിൽ കയറി സാധനങ്ങൾക്ക് വില ചോദിച്ച് കടക്കാരന്റെ ശ്രദ്ധമാറ്റിയാണ് മോഷണം. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത് , കസബ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അനീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.