പേരാമ്പ്ര : 'പുലർച്ചെ അഞ്ചിന് തുടങ്ങിയാൽ വൈകിട്ട് ഏഴുമണി വരെ തുടരും ഒഴിവ് ദിനങ്ങളില്ലാത്ത തൊഴിൽ, പക്ഷേ, ജീവിതം തള്ളി നീങ്ങുന്നതല്ലാതെ മിച്ചമൊന്നുമില്ല. കുടുംബത്തിന് താങ്ങാകാൻ ചെറുപ്പം തൊട്ടേ തൊഴിലിന് ഇറങ്ങിയതിനാൽ എസ്.എസ്.എൽ.സിയ്ക്കു ശേഷം ചേർന്ന ഐ.ടി.ഐ പഠനവും മുടങ്ങി...'. നാലു പതിറ്റാണ്ടായി കൊല്ലപ്പണി ചെയ്യുന്ന പന്തിരിക്കരയിലെ മാവിലാംപൊയിൽ പ്രകാശന്റെ വാക്കുകളിലുണ്ട് ഉലയിൽ തെളിയാത്തവരുടെ ജീവിതം.
ജില്ലയിൽ 1000ത്തിലധികം വരും പരമ്പരാഗത കൊല്ലപ്പണിയിൽ ഏർപ്പെട്ട കുടുംബങ്ങൾ. വൈദ്യുതി ചാർജിന്റെയും കരിയുടെയും വിലവർദ്ധനവിന് പിന്നാലെ പഴയ ഇരുമ്പു വില ഇരട്ടിയായത് ഈ മേഖലയിൽ തൊഴിലെടുക്കുന്നവര പ്രതിസന്ധിയിലാക്കുകയാണ്. രണ്ടുമാസം മുമ്പുവരെ കിലോയ്ക്ക് 40 രൂപയ്ക്ക് കിട്ടിയിരുന്ന പഴയ ഇരുമ്പിന്റെ വില 80- 85 രൂപയായി. ആക്രിക്കടകളിൽ നിന്ന് ചെറിയ വാഹനങ്ങളുടെ ഒടിഞ്ഞതും അഴിച്ചു മാറ്റിയ ലീഫുകളും ഉപയോഗിച്ചാണ് കാർഷികോപകരണങ്ങൾ നിർമ്മിക്കുന്നത്. വർദ്ധിച്ച വില നൽകാമെന്നു വെച്ചാൽ ആവശ്യത്തിന് പഴയ ഇരുമ്പ് കിട്ടാനുമില്ല. പുറം രാജ്യങ്ങളിൽ നിന്ന് സ്‌ക്രാപ്പിന്റെ ഇറക്കുമതി നിലച്ചതും വൻകിട കമ്പനികൾ മൊത്തമായി പഴയ ഇരുമ്പുകൾ വാങ്ങി കൂട്ടുന്നതുമാണ് വില ഉയരാൻ കാരണമായി പറയുന്നത്. വൻകിട കമ്പനികളുണ്ടാക്കുന്ന പണി ആയുധങ്ങൾ വിപണിയിൽ സുലഭമായി ലഭിക്കുമ്പോൾ അവയോട് കിടപിടിക്കാൻ കഴിയില്ലെന്നാണ് പരമ്പരാഗത കൊല്ലപ്പണിക്കാർ പറയുന്നത്. കാർഷികാവശ്യങ്ങൾക്കും
വീട്ടുകാർക്കും അത്യാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഇവരെ സംരക്ഷിക്കാനോ പ്രോത്സാഹിപ്പിക്കാനോ അധികൃതർ യാതൊരു നടപടിയും ഇല്ലെന്ന പരിഭവവും ഇവർക്കുണ്ട്. തൊഴിൽ മേഖലയിലുള്ള പലരും പ്രായാധിക്യം മൂലം ആലകൾ പൂട്ടി. അന്ന്യം നിന്നു പോകുന്ന തൊഴിൽ മേഖലയിലേക്ക് പുതുതലമുറ വരാത്തതും ആലകൾ പൂട്ടാൻ കാരണമായതായി പറയുന്നു. ആധുനിക യന്ത്രങ്ങളുപയോഗിച്ചുള്ള പരിശീലനവും പ്രധാന കേന്ദ്രങ്ങളിൽ ഇത്തരം സംരംഭങ്ങൾ തുടങ്ങുകയും ചെയ്താൽ ഇപ്പോഴുള്ള തൊഴിൽ ശാലകളെങ്കിലും നിലനിർത്താൻ കഴിയുമെന്നാണ് ഈ തൊഴിൽ രംഗത്ത് ശേഷിക്കുന്നവർ പറയുന്നത്. മറ്റ് തൊഴിൽ തേടിപ്പോയവരെ തിരികെ കൊണ്ടുവരാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്.