kites
kites

കോഴിക്കോട്: ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്ക് ജില്ലയിലെ 8 കേന്ദ്രങ്ങളിൽ തുടക്കമായി. ജനുവരി 31 വരെ മൂന്ന് ഘട്ടങ്ങളായിട്ടാണ് ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ 164 സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 5384 അംഗങ്ങളാണുള്ളത്.

സ്‌കൂൾതല ക്യാമ്പിൽ മികവ് തെളിയിച്ച 1236 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നത്. ഓരോ യൂണിറ്റിൽ നിന്ന് പ്രോഗ്രാമിംഗ് , ആനിമേഷൻ വിഭാഗങ്ങളിൽ നാലുവീതം കുട്ടികളെയാണ് ക്യാമ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്.

ലഹരി വിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രത്യേകത. പൂർണമായും സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ക്യാമ്പിലെ പരിശീലനവും പ്രവർത്തനങ്ങളും നടത്തുന്നത്.

ആൻഡ്രോയ്ഡ് ആപ്പുകൾ തയ്യാറാക്കാൻ സഹായിക്കുന്ന ഓപ്പൺസോഴ്സ് സോഫ്റ്റ് വെയറായ ആപ്പ് ഇൻവെന്റർ ഉപയോഗിച്ചുള്ള മൊബൈൽ ഗെയിം, നല്ല ആരോഗ്യ ശീലങ്ങൾ മാറിമാറി നൽകുന്ന ആപ്പ് എന്നിവയുടെ നിർമാണം, ത്രീഡി അനിമേഷൻ സോഫ്റ്റ് വെയറായ ബ്ലെൻഡർ, റ്റുഡി അനിമേഷൻ സോഫ്റ്റ് വെയറായ ഓപ്പൺ ടൂൺസ് എന്നിവ ഉപയോഗിച്ചുള്ള അനിമേഷൻ നിർമാണം, സൈബർ സുരക്ഷ സംബന്ധിച്ച ചർച്ചകൾ, അവതരണങ്ങൾ എന്നിവയാണ് ദ്വിദിന ക്യാമ്പിലെ മറ്റ് പ്രധാനപ്പെട്ട പരിശീലന മേഖലകൾ. ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് റോബോട്ടിക്സിലും ബ്ലെന്റർ സോഫ്റ്റ് വെയറിലും പരിശീലനം നൽകും