ബേപ്പൂർഫെസ്റ്റ്: ഒഴുകിയെത്തിയത് ആയിരങ്ങൾ
ബേപ്പൂർ: ബേപ്പൂരിന്റെ മണ്ണിൽ ജലമാമാങ്കം കാണാൻ രണ്ടാം ദിനമെത്തിയത് നിരവധി പേർ. ജലകായിക മത്സരങ്ങളും വിനോദ പരിപാടികളും നേരിട്ട് കാണാനും ആസ്വദിക്കാനും രാപ്പകൽ ഭേദമില്ലാതെയാണ് ആളുകളെത്തിയത്. കയാക്കിംഗ്, സർഫിംഗ്, സീ റാഫ്റ്റിംഗ്, റോവിങ് ഡെമോ തുടങ്ങിയ മത്സരങ്ങൾ വേറിട്ട അനുഭവമായി. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വർണപട്ടങ്ങൾ ബേപ്പൂരിന്റെ ആകാശത്ത് വട്ടമിട്ട് പറന്നത് കാണികളിൽ കൗതുകം തീർത്തു.
വിദേശ രാജ്യങ്ങളായ തുർക്കി, സിംഗപ്പൂർ, വിയറ്റ്നാം എന്നിവിടങ്ങളിൽ മുപ്പത് വർഷത്തിലേറെയായി പട്ടം പറത്തൽ മേഖലയിലുള്ളവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഒഡീസ, കർണാടക, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരും പട്ടം പറത്തലിനെത്തിയിരുന്നു. വൺ ഇന്ത്യ കൈറ്റ് ടീമാണ് ഇത്തവണയും കേരളത്തെ പ്രതിനിധീകരിച്ച് ബേപ്പൂർ കൈറ്റ് ഫെസ്റ്റിവെലിന് പട്ടം പറത്തിയത്.
നാടിന്റെ രുചിയറിയാൻ ഫുഡ് ഫ്‌ളി സ്റ്റാളിലും നിരവധി പേരാണ് എത്തുന്നത്. വിധു പ്രതാപും സംഘവും അവതരിപ്പിച്ച സംഗീത നിശ ഫെസ്റ്റിന് കൂടുതൽ മിഴിവേകി. അവധി ദിനമായതിനാൽ തന്നെ വലിയ ജനസാഗരത്തിനാണ് ബേപ്പൂർ സാക്ഷിയായത്.
തീരത്ത് കപ്പൽ, കയറിക്കാണാൻ തിരക്കോടു തിരക്ക്
ബേപ്പൂർ: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ രണ്ടാംദിനത്തിലാണ് കോസ്റ്റ് ഗാർഡ് കപ്പൽ കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയത്. ശനിയാഴ്ച മാത്രം മൂവായിരത്തിലധികം പേർ കപ്പൽ സന്ദർശിച്ചു. നേവി, ആർമി, കോസ്റ്റ് ഗാർഡ്, പൊലീസ്, മാരിടൈം ബോർഡ് എന്നീ സ്റ്റാളുകൾ തുറമുഖത്ത് സജ്ജീകരിച്ചിച്ചിട്ടുണ്ട്. സ്റ്റാളുകൾ സന്ദർശിച്ച ശേഷം കപ്പലിൽ കയറാം. കപ്പലിന്റെ ബ്രിഡ്ജ് ഡെക്കിലും മെയിൻ ഡെക്കിലും കയറാനുള്ള സൗകര്യമുണ്ട്. 50 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുമുള്ള കപ്പലാണ് ഐ.സി.ജി.എസ് അർണവേശ്. കപ്പൽ കാണാനെത്തുന്നവർക്ക് തീരദേശ സുരക്ഷയെക്കുറിച്ചും കോസ്റ്റ് ഗാർഡിന്റെ ദൗത്യങ്ങളെക്കുറിച്ചുമെല്ലാം കണ്ടും കേട്ടും മനസിലാക്കാം. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സന്ദർശന സമയം.
ചാലിയം ബീച്ചിന് പത്തുകോടിയുടെ പദ്ധതികൾ
ചാലിയം: ബീച്ച് ടൂറിസത്തിന് അനന്ത സാദ്ധ്യതകളുള്ള ചാലിയം ബീച്ചിന് പത്തുകോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചതായി ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂർ ഫെസ്റ്റ് സീസൺ 2 ന്റെ ഭാഗമായി ചാലിയം ബീച്ചിലെ സാംസ്ക്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ടൂറിസം വികസനത്തിന്റെ ഭാഗമായി ചാലിയത്ത് ഓഷ്യാനസ് ചാലിയം പദ്ധതി ടൂറിസം വകുപ്പ് നടപ്പിലാക്കും. ഭാവിയിൽ ഈ ബീച്ചിൽ വിളക്കുകൾ, റിഫ്രഷ്മെൻ്റ് കൗണ്ടർ, കഫ്റ്റീരിയ, വിശ്രമസ്ഥലം, ശൗചാലയം തുടങ്ങി അനവധി മാറ്റങ്ങൾ വരും. ബീച്ച് ടൂറിസത്തെ വലിയ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ആദ്യമായി ഒരു ഫ്ളോട്ടിംഗ് റസ്റോറൻ്റ് കടലുണ്ടി പഞ്ചായത്തിൽ ഒരുങ്ങും. ഇതിനായി അഞ്ചുകോടിയും കടലുണ്ടി പക്ഷി സങ്കേതം നവീകരണത്തിനായി 1 കോടി 50 ലക്ഷം രൂപയും അനുവദിച്ചതായും മന്ത്രി അറിയിച്ചു. ബേപ്പൂർ ഫെസ്റ്റ് അടുത്ത സീസണിന്റെ തയ്യാറെടുപ്പുകൾ ജനുവരിയിൽ തന്നെ ആരംഭിക്കും.
ചടങ്ങിൽ കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റബീഅത്ത്,നിർദ്ദേശ് പ്രതിനിധി സുരേന്ദ്രൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ജില്ലാ വികസന കമ്മിഷണർ എം.എസ് മാധവിക്കുട്ടി സ്വാഗതവും ടൂറിസം വകുപ്പ് ജോയിൻ്റ് ഡയറക്ടർ ടി.ജി അഭിലാഷ് നന്ദിയും പറഞ്ഞു. തുടർന്ന് പാഗ്ലി ബാന്റിന്റെ സംഗീത പരിപാടികളും അരങ്ങേറി.
ആവേശമായി തോണി റേസ്
ബേപ്പൂർ: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ആവേശമുയർത്തി ജലസാഹസിക കായിക ഇനമായ ഫൈബർ തോണി റേസ് മത്സരം. മത്സരം കാണാൻ നിരവധിയാളുകളാണ് ബേപ്പൂർ മറീനയിലെത്തിയത്. ഫൈനലിൽ അഞ്ച് ടീമുകൾ മാറ്റുരച്ചു. ഒഴുക്കില്ലാത്ത നിരപ്പായ ജലത്തിൽ 250 മീറ്ററിലാണ് മത്സരം നടന്നത്. അഗ്നി രക്ഷാസേന, കോസ്റ്റൽ പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവർ മത്സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിച്ചു. ആനന്ദ് ധനുഷ് സഖ്യത്തിന് ഒന്നാം സ്ഥാനവും സതീഷ് റിച്ചാർഡ് സഖ്യത്തിന് രണ്ടാം സ്ഥാനവും സതീഷ് കുമാർ മാരുതി സഖ്യത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.
ശ്രദ്ധേയമായി ഇന്ത്യൻ ആർമിയുടെ പ്രദർശനം
ബേപ്പൂർ: ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിൽ ശ്രദ്ധേയമായി ഇന്ത്യൻ ആർമിയുടെ പ്രദർശനം. യൂണിറ്റിലെത്തിയാൽ ആർമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കാനും പഠിക്കാനും സാധിക്കും. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് യൂണിറ്റ് സന്ദർശിച്ചു. ഇവിടെയെത്തിയാൽ ജവാൻമാർ അവതരിപ്പിക്കുന്ന ആയുധ പ്രദർശനം, കളരിപ്പയറ്റ്, ചെണ്ടമേളം, ഫയർ ഡാൻസ് എന്നിവ കാണാം. മേജർ സുബേദാർ, സന്തോഷ് വി.വി എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
ഇൻഫെൻട്രി ബറ്റാലിയൻ മദ്രാസ്, ഇന്ത്യൻ ആർമിയുടെ ഭാഗമായ മദ്രാസ് റെജിമെന്റിന്റെ കീഴിലുള്ള ഈ യൂണിറ്റ് വെസ്റ്റ്‌ഹിൽ ബാരക്സിലാണ് സ്ഥിതി ചെയ്യുന്നത്. കേണൽ ഡി നവീൻ ബൻജിറ്റാണ് ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസർ. മലബാർ ടെറിയേഴ്‌സ് എന്ന പേരിലും ഈ യൂണിറ്റ് അറിയപ്പെടുന്നു.
രക്ഷാദൗത്യവുമായി നേവി, കൈയ്യടിച്ച് പൊതുജനം
ബേപ്പൂർ: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 2 വിന്റെ ഭാഗമായി നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം കാണികളിൽ ആവേശമായി. കൊച്ചിയിൽ നിന്നുമെത്തിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ എ.എൽ.എച്ച് ഹെലികോപ്റ്ററാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബേപ്പൂർ കപ്പൽചാലിൽ കുടുങ്ങിയ ആളെ കമാൻഡോസ് രക്ഷപ്പെടുത്തിയതോടെ ജനം കൈയ്യടിച്ച് അഭിനന്ദിച്ചു.
കപ്പലുകൾ, മത്സ്യബന്ധന യാനങ്ങൾ തുടങ്ങിയവ അപകടത്തിൽപ്പെടുമ്പോഴും പ്രളയ സമാന സാഹചര്യങ്ങളിലും നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റെ നേർക്കാഴ്ചയ്ക്കാണ് കാണികൾ സാക്ഷികളായത്. അമ്പതടിയോളം ഉയരത്തിൽ ഉയർന്നു നിന്ന ഹെലികോപ്റ്ററിൽ നിന്ന് കയർ വഴി ആളിറങ്ങി അപകടത്തിൽപെട്ടയാളെ രക്ഷിക്കുന്നതായിരുന്നു പ്രദർശിപ്പിച്ചത്.
കൗതുകവും ആകാംക്ഷയും വാനോളമുയർത്തിയ ഹെലികോപ്റ്റർ രക്ഷാദൗത്യം കാണാനായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും സന്നിഹിതനായിരുന്നു.
നസ് നിറയ്ക്കും വിഭവങ്ങളുമായി ഫുഡ് ആൻഡ് ഫ്ളീ മാർക്കറ്റ്
ബേപ്പൂർ: ഉപ്പു തൊട്ട് കർപ്പൂരം വരെ എന്ന പോലെ വൈവിദ്ധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളുമായി ഒരു മാർക്കറ്റ്. വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂരിലൊരുക്കിയ ഫുഡ് ആൻഡ് ഫ്ളീ മാർക്കറ്റിലാണ് കോഴിക്കോട്ടുകാർക്ക് വിരുന്നൊരുക്കിയത്. പ്രവേശന കവാടം കടന്നാലുടൻ കാണുന്നത് ഒരു പഞ്ചാബി ധാബയാണ്. പാനി പുരി, ഭേൽ പുരി, സമോസ ചാറ്റ്, പപ്പടി ചാറ്റ്, പഞ്ചാബി കുൽഫി തുടങ്ങിയ അടിപൊളി പഞ്ചാബി രുചികൾ ട്രൈ ചെയ്യാൻ പറ്റിയ സ്പോട്ടാണിത്. തൊട്ടടുത്തായി വിവിധ തരം കുലുക്കി സർബത്തുകളുമായി കുലുക്കി കൾട്ട് സ്റ്റാളുണ്ട്. ചൂടത്ത് ഒരിത്തിരി കൂൾ ആകാനായി ആളുകൾ ഇവിടെയെത്തുന്നു. വിവിധ തരം മട്ടൺ ഷവർമകൾ, കുഴിമന്തി, ഫ്രൈഡ് ചിക്കൻ എന്നിവ ലഭിക്കുന്ന നിരവധി സ്റ്റാളുകളും ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫലാഫിൽ, ബർഗർ, ചിക്കൻ പോപ്പ് തുടങ്ങി വിവിധ റോളുകൾ 30 രൂപ മുതൽ ലഭിക്കുന്ന സ്റ്റാളിലും വൻ തിരക്കാണ്.
സന്ദർശകർക്ക് ഇരുന്നു കഴിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ തരം ബജികൾ, ചില്ലി ഗോബി തുടങ്ങി കോഴിക്കോടിന്റെ തനതു പലഹാരങ്ങളായ സമോസ, ഉന്നക്കായ, ചട്ടിപ്പത്തിരി എന്നിവയും ഇവിടെ നിന്നും വാങ്ങാം. ദം ബിരിയാണി, തലശ്ശേരി ബിരിയാണി തുടങ്ങി മലബാറി ബിരിയാണികളും ഇവിടെ നിന്നും കഴിക്കാം.
വ്യത്യസ്തമായ പേരുകളാൽ ആളുകളെ ആകർഷിക്കുന്ന ചില സ്റ്റാളുകളും ഇവിടെ കാണാം. കടാത്തെ ബട്ക്കണിയാണ് ഇതിൽ ഒന്ന്. അവിടെ ചെന്നാൽ ത്രെഡ് ചിക്കൻ, ബ്രെഡ് റോൾ, ചെമ്മീൻ ബോൾ എന്നിങ്ങനെ വെറൈറ്റി പലഹാരങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈന്തും പിടിയുമാണ് ഭക്ഷ്യമേളയിലെ മറ്റൊരു താരം. നല്ല നാടൻ രുചികളുമായി എത്തിയ സ്റ്റാളിൽ തേങ്ങാചോറ്, കപ്പ, ഈന്തും പിടിയും തുടങ്ങി വ്യത്യസ്ത രുചിക്കൂട്ടുകൾ കഴിക്കാൻ ഒരുപാട് പേരെത്തുന്നുണ്ട്. ലൈവ് കൗണ്ടറുകളാണ് മറ്റൊരു പ്രധാന ആകർഷണം. ഓരോന്നും ഉണ്ടാക്കുന്നത് ലൈവായി കാണാം. ഒപ്പം ചൂടോടെ രുചിക്കാം എന്നതു തന്നെയാണ് പ്രത്യേകത.
ആവേശത്തുഴയെറിഞ്ഞു മത്സ്യത്തൊഴിലാളികൾ
ബേപ്പൂർ: ഡിങ്കി റെയ്‌സിൽ അണിനിരന്നത് 23 വള്ളങ്ങൾ. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. 2 പേരടങ്ങുന്ന ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാനായി നാടൻ വള്ളങ്ങളുമായെത്തിയത്. ആവേശത്തോടെ തുഴയെറിഞ്ഞു മത്സ്യത്തൊഴിലാളികൾ കാണികൾക്ക് മുന്നിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചു. രണ്ടു മണിക്ക് ആരംഭിച്ച മത്സരം വൈകീട്ട് നാലു മണി വരെ നീണ്ടു. മുജീബ്, സുധീർ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും അഫു, ഷംസു എന്നിവരുടെ ടീം രണ്ടാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് യഥാക്രമം പതിനായിരം, അയ്യായിരം രൂപ സമ്മാനമായി ലഭിക്കും.