പേരാമ്പ്ര: എരവട്ടൂർ പൈങ്കുളം പാടശേഖരം കൃഷിയോഗ്യമാക്കാൻ വിദ്യാർത്ഥികളിറങ്ങി. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കൊയിലാണ്ടി കേന്ദ്രത്തിലെ 150 എൻ.എസ്.എസ് വോളന്റിയർമാരാണ് ദശദിന ക്യാമ്പിന്റെ ഭാഗമായി പാടത്തിറങ്ങിയത്. 85 ഏക്കർ വരുന്നതാണ് തരിശിട്ട പാടം. പാടശേഖരത്തിലെ ചല്ലിയും ചെളിയും വിദ്യാർത്ഥികൾ നീക്കി. ക്യാമ്പിന്റെ ഉദ്ഘാടനം പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് നിർവഹിച്ചു. സർവകലാശാല പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ.സംഗീത അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ക്യാമ്പ് ഡയറക്ടർ മഹിമ , സജൂ, അർജുൻ കറ്റയാട്ട്, വി.ഒ.അബ്ദുൾ അസീസ്, കെ.കെ.രാജൻ, ഷിജു തുടങ്ങിയവർ പ്രസംഗിച്ചു.