കോഴിക്കോട്: വഴിയടച്ചതോടെ കുഷ്ഠരോഗ ആശുപത്രിയിലേക്ക് പോകാൻ കഴിയാതെ രോഗികൾ ദുരിതത്തിൽ. കുഷ്ഠരോഗം ബാധിച്ചവരെ പുനരധിവസിപ്പിക്കുന്ന ഡിസേബിൾഡ് ഹോമിൽ നിന്നും കുഷ്ഠരോഗ ആശുപത്രിയിലേക്ക് പോകാൻ കഴിഞ്ഞ 76 വർഷമായി രോഗികൾ ഉപയോഗിച്ച വഴിയാണ് കെട്ടിയടച്ചത്. ഇതോടെ ആശുപത്രിയിലേക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് രോഗികൾ.
ചേവായൂർ ലെപ്രസി ഹോസ്പിറ്റലിന് സമീപം കുഷ്ഠരോഗം ബാധിച്ച് ഭേദമാവുകയും ബന്ധുക്കൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന രോഗികളെ പുനരധിവസിപ്പിക്കാൻ വേണ്ടി 1937 വെസ്റ്റിഹിൽ പുവർ ഹോംസ് സൊസൈറ്റിക്ക് കീഴിൽ സ്ഥാപിച്ചതാണ് ഡിസേബ്ൾഡ് ഹോം. ഇവിടെ നിന്നും ആശുപത്രിയിലേക്ക് മരുന്ന് വാങ്ങാൻ വേണ്ടി 1946 മുതൽ ഉപയോഗിച്ച വഴിയാണ് ആശുപത്രി സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം അടച്ചത്. പ്രായമായവരടക്കം 22 രോഗികളാണ് നിലവിൽ ഡിസേബിൾഡ് ഹോമിലുള്ളത്. ഇതാടെ ഇവർക്ക് ആശുപത്രിയിലെത്താൻ ചേവായൂർ വഴി രണ്ട് കലോമീറ്ററോളം ചുറ്റി നടന്നോ ഓട്ടോയിലോ വരേണ്ട ഗതികേടിലാണ്. എന്നാൽ നടന്നു പോകാനുള്ള ആരോഗ്യമോ വാഹനങ്ങൾ വിളിക്കാനുള്ള സാമ്പത്തിക ശേഷിയോ തങ്ങൾക്കില്ലെന്നും എത്രയും പെട്ടെന്ന് അധികൃതർ പരാഹാരം കാണണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.
@ പ്രതിഷേധം ശക്തം
ചേവായൂർ ലെപ്രസി ഹോമിലെ അന്തേവാസികൾ ആശുപത്രിയിലേക്കുള്ള വഴി കൊട്ടിയടച്ചതിനെതിരെ നടത്തിയ പ്രതിഷേധ സമരം ഹോം സൊസൈറ്റി സെക്രട്ടറി സുധീഷ് കേശവപുരി ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ഉപയോഗിച്ചു വരുന്ന വഴി കെട്ടിയടക്കാനുള്ള മനുഷ്യത്വരഹിതമായ നീക്കത്തിനെതിരെ ഏതറ്റം വരെയും പോരാടുമെന്ന് സുധീഷ് കേശവപുരി പറഞ്ഞു. എക്സിക്യുട്ടിവ് മെമ്പർ ഹാഷിം കടാക്കലകം അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം പുല്ലൂർ ക്കണ്ടി അശോകൻ, എ.കെ സച്ചിൻ, സി. മുരളീധരൻ, അന്തേവാസികളായ കെ.പി കറുപ്പൻ, പി ടി മുഹമ്മദ് കോയ, ആയിശബി എന്നിവർ പ്രസംഗിച്ചു