
സന്തോഷ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ 7-0ത്തിന് തോൽപ്പിച്ചു
കോഴിക്കോട്:76-ാ മത് സന്തോഷ് ട്രോഫി ഗ്രൂപ്പ് ഗ്രൂപ്പ് റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് തകർപ്പൻ തുടക്കം.ഇന്നലെ കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എതിരില്ലാത്ത എഴ് ഗോളുകൾക്ക് രാജസ്ഥാനെയാണ് കേരളം തകർത്തത്. കേരളത്തിനായി വിഘ്‌നേഷും നരേഷും റിസ്‌വാൻ അലിയും ഇരട്ടഗോൾ നേടി. നിജോ ഗിൽബർട്ട് ഒരുഗോളടിച്ചു.
കേരള ടീം തുടക്കം മുതൽ അക്രമമഴിച്ചുവിട്ടു. ആറാം മിനിട്ടിലായിരുന്നു നിജോയുടെ ഗോൾ.12ാം മിനിട്ടിലാണ് വിഘ്‌നേഷിന്റെ ഗോൾ പിറന്നത്. ഗോൾകീപ്പറെ കബളിപ്പിച്ച് വിഘ്‌നേഷ് തൊടുത്തുവിട്ട പന്ത് വലകുലുക്കിയതോടെ രാജസ്ഥാൻ പതറി . 20ാം മിനിട്ടിൽ വിഘ്‌നേഷിൽ നിന്നും ഒരു ഗോളുകൂടി. ഇടതുവിംഗിലൂടെ ഗോൾപോസ്റ്റിലേക്ക് ഇരച്ചുകയറിയ വിഘ്നേഷിന്റെ ഷോട്ട് ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതുമൂലയിലേക്ക് തുളച്ചുകയറി.
23ാം മിനിട്ടിൽ യുവതാരം നരേഷ് വലകുലുക്കി. നരേഷിനെ വളഞ്ഞ രാജസ്ഥാൻ താരങ്ങളെ മിന്നൽപിണറുപോലെ വകഞ്ഞുമാറ്റിയാണ് നരേഷ് കളിയിലെ ആദ്യ ഗോൾ സ്വന്തമാക്കിയത്. 36ാം മിനിട്ടിൽ നരേഷ് വീണ്ടും വലകുലുക്കി. കളിയുടെ ആദ്യ 36ാം മിനുട്ടിൽ തന്നെ അഞ്ച് ഗോളുകൾ നേടിയതോടെ കേരളടീം രാജസ്ഥാനെ നിലംപരിശാക്കി. എങ്കിലും രണ്ടാം പകുതിവരെ രാജസ്ഥാൻ കേരളത്തിന്റെ പടയോട്ടത്തെ ചെറുത്തുനിന്നു.
54ാം മിനുട്ടിൽ വിഘ്‌നേഷിന്റെ പാസിൽ നിന്നും റിസ്വാന്റെ ആറാം ഗോൾ. 81ാം മിനുട്ടിൽ വീണ്ടും റിസ്വാന്റെ വക ഗോൾ. അങ്ങനെ നിലവിലെ ചാമ്പന്മാർക്ക് ആദ്യമത്സരത്തിൽ അനായാസ ജയം. ഗ്രൂപ്പ് രണ്ടിലിറങ്ങിയ കേരളം ഈ വിജയത്തോടെ ഒന്നാമതെത്തി. 29ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബിഹാറാണ് കേരളത്തിന്റെ എതിരാളികൾ.