dog

വടകര: ആളടങ്ങും മുമ്പെ നഗരഹൃദയത്തിൽ നടന്ന വ്യാപാരിയുടെ കൊലയിൽ ഞെട്ടിത്തരിച്ച് വ്യാപാരികളും നഗരവാസികളും. പഴയ ബസ്‌സ്റ്റാൻഡിന് മുന്നിൽ ക്യൂൻസ് റോഡിന്റെ തുടക്കത്തിൽ മാർക്കറ്റ് റോഡിലേക്കുള്ള ഇടവഴിയിലാണ് വ്യാപാരി കൊല്ലപ്പെട്ടത്. ഇവിടെ വർഷങ്ങളായി കച്ചവടം നടത്തുന്നയാളാണ് കൊല്ലപ്പെട്ട പുതിയാപ്പ് സ്വദേശിയായ വലിയപറമ്പത്ത് രാജൻ. പകൽ ഏറ്റവും തിരക്കേറിയ പലചരക്ക് മൊത്തക്കച്ചവട കേന്ദ്രമാണിത്. രാത്രി എട്ട് മണിയോടെ കടകളടച്ചാൽ ഇവിടം വിജനമാകും. പിന്നെ ഇതിലെ പോകാൻ ആരും ഭയക്കും. ഒറ്റയ്ക് സഞ്ചരിച്ചാൽ എന്തും സംഭവിക്കുന്ന പരിസരമാണ്. നഗരത്തിലെ പല വഴികളും ഇത്തരത്തിൽ ഭയം ജനിപ്പിക്കുന്നവയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്‌ സ്റ്റാന്റുകളിലേക്കുള്ള നടവഴികളും മുനിസിപ്പൽ പാർക്ക് റോഡും ഉൾപ്പെടെ നഗരത്തിനകത്തെ ഇട റോഡുകൾ മിക്കതും രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. വർഷങ്ങളായി പണിതീരാതെ കിടക്കുന്ന കെട്ടിടങ്ങളും നഗരത്തിന്റെ ശാപമാണ്. കോട്ടപ്പറമ്പിന് സമീപത്തെയും നാരായണ നഗറിലെയും ഒഴിഞ്ഞ കെട്ടിടങ്ങൾ മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമാണ്. സന്ധ്യ കഴിഞ്ഞാൽ ഇവിടങ്ങളിലെ വീടുകളിൽ കഴിയുന്നവർ പുറത്തിറങ്ങാൻ ഭയക്കുന്ന സ്ഥിതിയാണ്. നഗരത്തിനകത്തെ വഴികളിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചും പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കിയും ഭീതിയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.