
കോഴിക്കോട്: കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി . ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.മുരളീധരൻ എം.പി. വിഷയം കേവലം ഉൾപ്പാർട്ടി പ്രശ്നമായി കാണാനാവില്ല. ജയരാജനെതിരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ്. റിസോർട്ടിനായി മന്ത്രിസ്ഥാനം ഇ.പി. ജയരാജൻ ദുരുപയോഗം ചെയ്തു. ഇതേവരെ ഈ ആ രോപണങ്ങൾ ഇ.പി നിഷേധിച്ചിട്ടില്ല. ഇത്രയും ഗുരുതരമായ വിഷയം പാർട്ടിയല്ല പരിശോധിക്കേണ്ടത്. ഭരണത്തുടർച്ച അണികളെ വഷളാക്കിയെന്ന കാര്യം സി.പി.എം സമ്മതിച്ചെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന
മൗനം : പ്രതിപക്ഷ നേതാവ്
തൃശൂർ : ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാസാമൂഹികവിരുദ്ധ ഇടപാടുകൾക്ക് പിന്നിലും സി.പി.എം സാന്നിദ്ധ്യമുണ്ട്. കള്ളപ്പണം വെളുപ്പിച്ചെന്ന് വ്യക്തമായിട്ടും കേന്ദ്ര ഏജൻസികൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.പിക്കെതിരായ നീക്കത്തിന് പിന്നിൽ
വൈദേകം മുൻ എം.ഡിയെന്ന്
കണ്ണൂർ: തളിപ്പറമ്പ് വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ സാമ്പത്തിക ക്രമക്കേടിന് പുറത്താക്കിയ മുൻ എം.ഡി.രമേഷ്കുമാറാണെന്ന് സി.ഇ.ഒ തോമസ് ജോസഫ്.
ഇ.പിയുടെ ഭാര്യ 30 വർഷത്തോളം സഹകരണ ബാങ്കിൽ ജോലി ചെയ്ത ശേഷം വിരമിച്ചപ്പോൾ കിട്ടിയ ആനുകൂല്യത്തിന്റെ ഒരു പങ്കാണ് വൈദേകത്തിൽ നിക്ഷപിച്ചത്. അതിൽ എന്താണ് തെറ്റ്. സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിക്കുന്നതുപോലയല്ലല്ലോ ഇത്. നാട്ടിൽ വരുന്ന ഒരാശുപത്രിയിൽ നിക്ഷേപിച്ചു എന്നതിനപ്പുറം പ്രധാന്യം അതിനില്ല. അതൊന്നും കോടികളല്ല. ഇ.പിയുടെ മകനും ഭാര്യയും ഡയറക്ടർ ബോർഡിലുണ്ട്. ഷെയർ ഹോൾഡർമാരിൽ ചിലർ വിദേശത്താണ്. അവരുടെ താൽപര്യപ്രകാരമാണ് നാട്ടിലുള്ളവർ ഡയറക്ടർ ബോർഡിൽ എത്തിയത്. അല്ലാതെ അവരുടെ ഓഹരി പങ്കാളിത്തം വലുതായത് കൊണ്ടല്ല.
ഇ.പിയുടെ മകന്റെ ഷെയർ ഒന്നരശതമാനമേ വരുന്നുള്ളൂ. ആറ് സ്ഥാപക ഡയറക്ടർമാരിൽ ഒരാൾ മാത്രവുമാണ്. 2014ൽ മകൻ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുമ്പോൾ ഇ.പി മന്ത്രിയോ മുന്നണി കൺവീനറോ അല്ലെന്നും തോമസ് ജോസഫ് പറഞ്ഞു.
അതേസമയം, വൈദേകം റിസോർട്ടിൽ നിന്ന് പുറത്തായ ശേഷം രമേഷ്കുമാർ പയ്യന്നൂരിൽ നിർമ്മാണം തുടങ്ങിയ റിസോർട്ടിനുൾപ്പടെ തടസം നേരിട്ടിരുന്നു. ഇതിന് പിന്നിൽ ഇ.പിയാണെന്നാണ് ഇയാൾ സംശയിക്കുന്നത്.