കോഴിക്കോട്: പുതുവത്സര, കലോത്സവ രാവുകളെ പ്രകാശപൂരിതമാക്കാൻ ജില്ലാ ഭരണകൂടം. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ മാനാഞ്ചിറ മൈതാനത്താണ് വാം ലൈറ്റുകളുടെ വ്യത്യസ്ത ഷേഡുകൾ ഒരുക്കുന്നത്. വിദേശരാജ്യങ്ങളിലെ പുതുവത്സര വെളിച്ച വിന്യാസങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരിക്കും സജീകരണം. നാളെ വൈകിട്ട് 7.30ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വെളിച്ചവിന്യാസം സ്വിച്ച് ഓൺ ചെയ്യും. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് കമനീയമായ വെളിച്ച വിന്യാസം ഒരുക്കിയിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് കോഴിക്കോടും തയ്യാറാക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായും ടൂറിസം വകുപ്പ് വെളിച്ച വിന്യാസം ഒരുക്കിയിരുന്നു. നാളെ മുതൽ സംസ്ഥാന സ്കൂൾ കലോത്സവം സമാപിക്കുന്നതുവരെ വെളിച്ച വിന്യാസം ആസ്വദിക്കാൻ അവസരമുണ്ടാകും.