കോഴിക്കോട്: ഇത് തകർക്കാൻ പറ്റാത്ത വിജയ രഹസ്യം, ഇരുപത്തിയേഴ് വർഷമായി മോണോആക്ട് മത്സരത്തിൽ വിജയക്കൊടി പാറിച്ച കലാഭവൻ നൗഷാദും പിള്ളേരും ഇക്കുറിയും സംസ്ഥാന കലോത്സവ വേദിയിലെത്തുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ. 11 ശിഷ്യഗണങ്ങളുമായാണ് ഇത്തവണ കോഴിക്കോടൻ മണ്ണിൽ കാലുകുത്താനൊരുങ്ങുന്നത്.
കാലിക പ്രസക്തമായ വിഷയങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള നൗഷാദിന്റെ മിടുക്ക് സ്കൂൾ, സർവകലാശാല വേദികളിൽ എത്രയോ തവണ തെളിഞ്ഞതാണ്. 1996 മുതൽ തുടർച്ചയായി സ്കൂൾ കലോത്സവ വേദികളിൽ മോണോആക്ടിൽ ഒന്നാമതെത്തുന്നത് നൗഷാദിന്റെ ശിഷ്യൻമാരാണ്. ഏറ്റവുമധികം വിദ്യാർത്ഥികളെ കലോത്സവ വേദികളിലെത്തിച്ച നേട്ടവും നൗഷാദിന് സ്വന്തം. 31 പേരെയാണ് വിവിധ മത്സരങ്ങളിലായി നൗഷാദ് വേദികളിലെത്തിച്ചത്.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ നൗഷാദ് കാലിക്കറ്റ് സർവകലാശാലയിൽ അടുപ്പിച്ചുള്ള 3 വർഷം മോണോ ആക്ടിൽ വിജയം നേടിയതോടെയാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനിറങ്ങിയത്. കലാലയ ജീവിതത്തിന് ശേഷം കലാഭവനിൽ എത്തി. അവിടെ പ്രവർത്തിക്കുമ്പോഴും കുട്ടികളെ മോണോആക്ട് പഠിപ്പിക്കാൻ തുടങ്ങി. പിന്നീട് കലാഭവൻ വിടുകയും പരിശീലകൻ എന്നനിലയിൽ ശ്രദ്ധ ചെലുത്തുകയും ചെയ്തതോടെ ഇന്ന് കലോത്സവ വേദികളിലെ താരത്തിളക്കമുള്ള അദ്ധ്യാപകനാണ് നൗഷാദ്. രചന നാരായണൻ കുട്ടി, മുക്ത, അപർണ തുടങ്ങിയ ചലച്ചിത്ര പ്രതിഭകളടക്കം 5000ത്തിലധികം വിദ്യാർത്ഥികൾ ഇദ്ദേഹത്തിന് ശിഷ്യപരമ്പരയിൽ പെട്ടവരാണ്. മകളായ അഹാനയും കലോത്സവ വേദിയിലെ മിന്നും താരമാണ്. മോണോ ആക്ടിന് പുറമെ നാടകങ്ങളുമായി കുട്ടികളെ നൗഷാദ് വേദികളിലെത്തിക്കുന്നുണ്ട്. ഭാര്യ സുബിയും മക്കളായ ഇഷാനും അലനും അഹാനയും പൂർണപിന്തുണയുമായി കൂടെയുള്ളതാണ് കലയിൽ നൗഷാദിന്റെ കരുത്ത്..