beppur
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി നടന്ന സെയിലിംഗ് റെഗാട്ട മൽത്സരം.

കൗതുകമായി സെയിലിംഗ് റഗാട്ടെ

​ബേപ്പൂർ: ​ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ നാലാം ദിനത്തിൽ കൗതുകമുണർത്തുന്ന ഇനമായി സെയിലിംഗ് റഗാട്ടെ. പായ്‌ വഞ്ചികൾ അണിനിരന്ന ജലസാഹസിക കായിക ഇനം മത്സരാർത്ഥികൾക്കും കാണികൾക്കും ഒരുപോലെ ആവേശം പകർന്നു. മൂന്നു വിഭാഗങ്ങളിലായി 27 പായ്‌ വഞ്ചികളാണ് കടലിലിറങ്ങിയത്. വിവിധ ഘട്ടങ്ങളിലായി മത്സരാർത്ഥികൾ മാറ്റുരയ്ക്കുകയും ഓരോ ഘട്ടത്തിലെയും മാർക്കുകൾ പരിഗണിച്ചുകൊണ്ട് വിജയിയെ പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.

ആദ്യവിഭാഗത്തിൽ ആശിഷ് വിശ്വകർമ, കെ. രാംദാസ്, ജി മഹേഷ്‌ എന്നിവർ കൂടുതൽ മാർക്ക് കരസ്ഥമാക്കി. ലേസർ-ടു വിഭാഗത്തിൽ ടീമുകളായാണ് മത്സരം. രണ്ടുപേരുൾപ്പെട്ട ടീം മത്സരത്തിൽ രോഹിത്, എലിയറ്റ് സഖ്യം, മാരുതി, ദുർഗ പ്രസാദ് സഖ്യം, അഭിഷേക്, നതാൽ സഖ്യം എന്നിവർ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി . അവസാന വിഭാഗത്തിൽ ആര്യൻ കർവാർ, മനോഷ്, ഋഷഭ് എന്നിവർ കൂടുതൽ മാർക്ക് നേടി ആദ്യഘട്ടത്തിൽ വിജയിച്ചു.

അഗ്‌നി രക്ഷാസേന, കോസ്റ്റൽ പോലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികഎ എന്നിവർ മത്സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിച്ചു. ഈ മത്സരത്തിന്റെ അടുത്ത ഘട്ടങ്ങൾ വാട്ടർ ഫെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് നടക്കും

പൈതൃകം പ്രദർശിപ്പിച്ച് നാടൻ വള്ളംകളി

​ബേപ്പൂർ:​ നാലാം ദിനത്തിൽ നാടിന്റെ വികാരത്തെ തൊട്ടുണർത്തി ഗുലാം ആൻഡ് പാർട്ടിയുടെ നാടൻ വള്ളംകളി. മത്സരാർത്ഥികളെ ആവേശത്തിലാഴ്ത്തിയ മത്സരം ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. എട്ട് ടീമുകൾ പങ്കെടുത്ത വള്ളംകളി കാണാനും പ്രോത്സാഹിപ്പിക്കാനും നിരവധിയാളുകളാണ് എത്തിച്ചേർന്നത്. വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ വൺ ഡയറക്ഷൻ കീഴുപറമ്പ് ഒന്നാം സ്ഥാനവും കർഷകൻ ഓത്തുപള്ളിപ്പുറായ രണ്ടാം സ്ഥാനവും മാക്സിമോ ഗ്രൂപ്പ്‌ ഖത്തർ മൂന്നാം സ്ഥാനവും നേടി. അഗ്‌നി രക്ഷാസേനയും കോസ്റ്റൽ പോലീസും പ്രാദേശിക മത്സ്യത്തൊഴിലാളികളും മത്സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കാൻ രംഗത്തുണ്ടായിരുന്നു.

ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് ടൂറിസം മേഖലയിലെ

പുതിയ മാതൃക: സന്തോഷ് ജോർജ് കുളങ്ങര

​ബേപ്പൂർ: ​ടൂറിസം മേഖലയിൽ വിമർശനത്തിന് വകയില്ലാത്ത വിധം കേരളം വളരുകയാണെന്നും ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് ടൂറിസം മേഖലയിലെ പുതിയ മാതൃകയാണെന്നും പ്ലാനിംഗ് ബോർഡ് അംഗവും ലോക സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങര. ബേപ്പൂർ ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, ഇന്ത്യൻ ആർമി എന്നിവർക്കുള്ള ഉപഹാരസമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേപ്പൂരിൽ ഏക മനസോടെ ജനം ഒഴുകിവരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്നും ബേപ്പൂർ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, ഇന്ത്യൻ ആർമി എന്നിവർക്കുള്ള ഉപഹാരം മന്ത്രി സമർപ്പിച്ചു. കോസ്റ്റ് ഗാർഡ് കേരള മേഖല ഡി.ഐ.ജി എൻ.രവി, നേവൽ ഓഫീസർ ഇൻ ചാർജ് കേരള കമാൻഡർ ആർ.കെ യാദവ്, 122 ഇൻഫന്ററി ബറ്റാലിയൻ കേണൽ ഡി.നവീൻ ബൻജിറ്റ് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

ലോക ശ്രദ്ധയിലേക്ക് ബേപ്പൂർ വാട്ടർ ഫെസ്റ്റിനെ എത്തിക്കുന്നതിൽ വലിയ പങ്കാണ് വിവിധ സേന വിഭാഗങ്ങൾ വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. ഫെസ്റ്റിന്റെ വിജയത്തിനു വേണ്ടി പ്രയത്നിച്ച നേവി, കോസ്റ്റ് ഗാർഡ്, കരസേന വിഭാഗങ്ങൾക്ക് മന്ത്രി നന്ദി അറിയിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ മുനവ്വറലി തങ്ങൾ മുഖ്യാതിഥിയായി. സിംഗപ്പൂർ, വിയ്റ്റ്നാം, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കൈറ്റ് ടീമിനും വേദിയിൽ ആദരവ് അർപ്പിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി സ്വാഗതവും ജില്ലാ വികസന കമ്മിഷണർ എം. എസ് മാധവിക്കുട്ടി നന്ദിയും പറഞ്ഞു.