
പേരാമ്പ്ര: പേരാമ്പ്ര സ്വദേശിനിയും ഭിന്നശേഷിക്കാരിയുമായ 19കാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശികളായ ബാർബർ തൊഴിലാളി മുനീർ (40), ഓട്ടോ ഡ്രൈവർമാരായ സഹീർ (31), പ്രജീഷ് (41) എന്നിവരാണ് അറസ്റ്റിലായത്. കാലുകൾക്ക് സ്വാധീനം കുറഞ്ഞ പെൺകുട്ടിയാണ് ക്രൂര പീഡനത്തിനിരയായത്.
ആറുദിവസം മുമ്പ് വീട്ടിൽ നിന്ന് പോയ യുവതിയെക്കുറിച്ച് വിവരമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കാസർകോട്ടു നിന്നാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് പോയ പെൺകുട്ടി വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തുകയായിരുന്നു. കോഴിക്കോടേക്ക് മടങ്ങാനായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞെത്തിയ രണ്ട് പേർ സമീപത്തെ ഒരു കെട്ടിടത്തിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു. തുടർന്ന് കോഴിക്കോട്ട് എത്തിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഒരു ഓട്ടോ ഡ്രൈവർക്കൊപ്പം അയച്ചു. ഓട്ടോ ഡ്രൈവർ കുറ്റിക്കാട്ടിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി.
പരിക്കേറ്റ പെൺകുട്ടി അവിടെ നിന്ന് രക്ഷപ്പെട്ട് വീണ്ടും കാസർകോട് എത്തി. അവിടെ ഒരു സ്ത്രീയുടെ അടുത്ത് എത്തിയ പെൺകുട്ടിയെ കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പൊലീസിന് കൈമാറുകയായിരുന്നു. കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.