muhammad-khan

പെലെയുടെ നിറമുള്ള ഓർമകളിൽ പ്രവാസി മലയാളി

കോഴിക്കോട്: ഫുട്‌ബോൾ മാന്ത്രികൻ പെലെയുടെ ജീവിതം ചരിത്രത്തിന് വഴിമാറുമ്പോൾ ആ ഇതിഹാസ താരം ഒപ്പിട്ടു നൽകിയ പന്തും അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമകളുമായി ഒരു പ്രവാസി മലയാളി. മലപ്പുറം ജില്ലയിലെ പറമ്പിൽപീടിക മാട്ടിൽപുത്തുകാട്ടിലെ ഡോ.മുഹമ്മദ് ഖാനാണ് പെലെയോടപ്പമുള്ള ഓർമകൾക്ക് വെളിച്ചം പകരുന്നത്. ദുബയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാൻസ് മീഡിയ സിറ്റിയുടെ ഉടമയാണ് ഡോ.മുഹമ്മദ്ഖാൻ.
2014ലെ ബ്രസീൽ ലോകകപ്പ് സമയത്താണ് പെലെയുമായുള്ള ആദ്യ കൂടിക്കാഴ്ച. കുട്ടിക്കാലം തൊട്ടേ മനസിൽ കണ്ട ഫുട്‌ബോൾ ദൈവത്തെ ആദ്യമായി കണ്ടപ്പോൾ ലോകത്ത് അതിനപ്പുറമൊരു ഭാഗ്യം സിദ്ധിക്കാനില്ലെന്ന് മനസിൽ കുറിച്ചിട്ടു. എമിറേറ്റ്‌സ് എയർലൈൻസിന്റെ ആ സമയത്തെ ബ്രാൻഡ് അംബാസഡറായി പെലെ അവിചാരിതമായി വന്നപ്പോൾ അവരുടെ മീഡിയാ പാർട്ണർ എന്ന നിലയ്ക്ക് ഒരു പ്രമോ വീഡിയോ ചെയ്യാനായിരുന്നു ആദ്യ അവസരം. ഏറെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും അദ്ദേഹം സംസാരിച്ചു. കേരളത്തെക്കുറിച്ച് വലിയ മതിപ്പാണെന്നും തനിക്കും ഫുട്‌ബോളിനും ഇത്രയേറെ ആരാധകരുള്ള നാട് ആവേശ ഭരിതനാക്കുന്നെന്നും പെലെ പറഞ്ഞത് വിസ്മയത്തോടെയാണ് കേട്ടതെന്ന് മുഹമ്മദ് ഖാൻ പറയുന്നു. അന്ന് പെലെ ഒപ്പിട്ടു നൽകിയ ഫുട്‌ബോൾ അലമാരയിൽ നിധിപോലെയാണ് സൂക്ഷിക്കുന്നത്. ആദ്യ കൂടികാഴ്ചയ്ക്കുശേഷം അഞ്ചുതവണ പെലെയെ സന്ദർശിക്കാൻ അവസരമുണ്ടായി. എമിറേറ്റ്‌സിന്റെ വീഡിയോ ചിത്രീകരണവേളയിൽ ദുബായിലും ബ്രസീലിലെ അദ്ദേഹത്തിന്റെ വീട്ടിലും സന്ദർശിച്ചു. ബ്രസീൽ ലോകകപ്പിലേക്ക് എമിറേറ്റസ് ദുബായിൽ നിന്ന് പറത്തിയ ഡബിൾഡക്കർ വിമാനത്തിൽ അദ്ദേഹം ഒപ്പിടുന്നതിനും സാക്ഷിയായി. ഒരു വിമാനത്തിന് പുറത്ത് ഒരാൾ ഒപ്പിടുന്നത് ഗിന്നസ് റെക്കോർഡിനുവരെ ഇടയാക്കി.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടന്ന നാഷണൽ ഗെയിംസിൽ പെലെയെ അതിഥിയായി കൊണ്ടുവരാൻ നിയോഗിക്കപ്പെട്ടതും മുഹമ്മദ് ഖാനെ. ബ്രസിലിലെത്തി കേരള പ്രതിനിധികൾക്കൊപ്പം സംസാരിച്ചപ്പോൾ വലിയ സന്തോഷത്തോടെയാണ് പെലെ സ്വീകരിച്ചത്. പക്ഷേ, ചില സാങ്കേതിക തടസങ്ങളാൽ കേരളത്തിലേക്കുള്ള വരവ് നടക്കാതെ പോയത് ലക്ഷക്കണക്കായ മലയാളി ഫുട്‌ബോൾ ആരാധകർക്കൊപ്പം തന്റേയും ജീവിതത്തിലെ നഷ്ടമായാണ് മുഹമ്മദ് ഖാൻ കാണുന്നത്.
ജാതി -മത-വർണ വ്യത്യാസങ്ങൾക്കപ്പുറം ഫുട്‌ബോളിനെ സർവ മതമായി കണ്ട ആ ഇതിഹാസ താരത്തിന്റെ വിടവ് ലോക കളിയാരാധകരുടെ മുഴുവൻ നഷ്ടമായി കാണുന്നു. ആ കൈയിൽ ചുംബിക്കാനായതും അടുത്തിരുന്ന് സംസാരിക്കാനായതും വിലപ്പെട്ട സമ്മാനം കിട്ടിയതും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി കരുതുകയാണ് മുഹമ്മദ് ഖാൻ. ഖത്തർ ലോകകപ്പിന് ശേഷം നാട്ടിലെത്തിയപ്പോഴാണ് പെലെയുടെ വിയോഗം.