3
കോഴിക്കോട് കോർപ്പറേഷൻ

@ നിസഹകരണം ജനങ്ങളോടുള്ള വെല്ലുവിളി: എൽ.ഡി.എഫ്

@ അടിയന്തര കൗൺസിൽ ബഹിഷ്കരിച്ച് യു.ഡി.എഫ്

@ യോഗത്തിൽ പങ്കെടുത്ത് ബി.ജെ.പി

കോഴിക്കോട്: കോർപ്പറേഷനിലെ ക്രമക്കേടുകളെ ചൊല്ലി എൽ.ഡി.എഫ് - യു.ഡി.എഫ് തർക്കം തുടരുന്നു. ഇന്നലെ വികസന പ്രവൃത്തികൾ നടപ്പാക്കുന്നതിനായി മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗം യു.ഡി.എഫ് കൗൺസിലർമാർ ബഹിഷ്കരിച്ചു. കൗൺസിൽ യോഗം ബഹിഷ്കരിക്കുന്നത് ശരിയല്ലെന്നും നേരത്തെ അറിയിക്കാതെ യോഗത്തിൽ വരാതിരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും മേയർ പറഞ്ഞു. യു.ഡി.എഫ് കൗൺസിലർമാർക്ക് നേട്ടീസ് നൽകുമെന്ന് മേയർ വ്യക്തമാക്കി. തൊഴിൽസഭയുമായി ബന്ധപ്പെട്ട് മേയർ വിളിച്ചു ചേർത്ത യോഗവും യു.ഡി.എഫ് ബഹിഷ്കരിച്ചിരുന്നു. തുടർച്ചയായുണ്ടാവുന്ന ഇത്തരം നടപടികൾ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. വികസന പ്രവർത്തനങ്ങളിൽ കൗൺസിലർമാർ കൂടുതൽ ഉത്തവാദിത്വം കാണിക്കണം. യു.ഡി.എഫിന് രാഷ്ട്രീയ വിവാദ നാടകങ്ങൾക്കാണ് താത്പര്യമെന്ന് മുസാഫർ അഹമ്മദ് കുറ്റപ്പെടുത്തി. യോഗത്തിലെത്തിയ ബി.ജെ.പി അംഗങ്ങളെ എൽ.ഡി.എഫ് അംഗം ഒ.സദാശിവൻ പ്രശംസിച്ചു.

യോഗത്തിൽ വരാത്ത കൗൺസിലർമാരുടെ വാർഡുകളിലെ വികസന പ്രവർത്തനങ്ങൾ മാറ്റിവെയ്ക്കുകയാണ് വേണ്ടതെന്ന് സി.പി.സുലൈൻമാൻ പറഞ്ഞു. എന്നാൽ പ്രവൃത്തി മാറ്റിവെയ്ക്കുന്നതിനോട് യോജിപ്പില്ലെന്ന് മേയർ വ്യക്തമാക്കി.

@ 162 പ്രവൃത്തികൾക്ക്

അംഗീകാരം

നഗരത്തിൽ റോഡ്, ഓവുചാലുകളുടെ നിർമ്മാണം ഉൾപ്പടെ 162 പ്രവൃത്തികൾ കൂടി നടപ്പാക്കാൻ കൗൺസിൽ യോഗം അംഗീകാരം നൽകി. ഈ വർഷം ഇതുവരെ 301 പ്രവൃത്തികളാണ് അംഗീകരിച്ചതെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി. രാജൻ പറ‌ഞ്ഞു. 465 പ്രവൃത്തികൾക്ക് ടെൻഡറായതായി അദ്ദേഹം അറിയിച്ചു.

@ ഫണ്ട് നഷ്ടപ്പെടുമോ എന്ന ആശങ്ക

വികസന പ്രവർത്തനങ്ങൾക്കും നിർമാണ പ്രവർത്തനങ്ങൾക്കുമായി കോർപ്പറേഷന് അനുവദിച്ച ഫണ്ടുകൾ നഷ്ടപ്പെടുമോ എന്ന ആശങ്ക പങ്കുവെച്ച് കൗൺസിലർമാർ. പ്രളയവുമായി ബന്ധപ്പെട്ട ഫണ്ടുകൾ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്ന് കെ.ടി. സുഷാജ് പറഞ്ഞു. ഈ ആവശ്യം കൂടുതൽ കൗൺസിലർമാർ ഉന്നയിച്ചതോടെ സർക്കാറുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കാമെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചു. പ്രവൃത്തികൾ നടപ്പാക്കുന്നതിൽ ഓഫീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാവുന്നതായും ജനങ്ങളോട് മറുപടി പറയാൻ സാധിക്കുന്നില്ലെന്നും കൗൺസിലർമാർ പരാതിപ്പെട്ടു. നിർമാണ കരാർ നൽകുന്നതിനുള്ള നടപടികൾ സോഫ്റ്റ് വെയർ വഴിയായതോടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി സൂപ്രണ്ടിംഗ് എൻജിനിയർ ദിലീപ് അറിയിച്ചു. കൗൺസിലർമാരായ സി.എം. ജംഷീർ, സി.എസ്. സത്യഭാമ, സുജാത കൂടത്തിങ്കൽ, വി. പ്രസന്ന, എസ്.എം. തുഷാര, ടി.കെ. പ്രമേലത ,എൻ.സി. മോയിൻകുട്ടി എന്നിവർ സംസാരിച്ചു.

@ മേയർ ഉറപ്പ് പാലിക്കണം : യു.ഡി.എഫ്

കൗൺസിലിൽ യു.ഡി.എഫ് വനിതാ കൗൺസിലർമാർക്കുനേരെ ഇടതുമുന്നണി കൗൺസിലർമാർ നടത്തിയ അതിക്രമത്തെക്കുറിച്ച് നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത ഭരണ സമിതി നിലപാടിൽ പ്രതിഷേധിച്ചാണ് അടിയന്തര കൗൺസിൽ യോഗം ബഹിഷ്‌കരിച്ചെതെന്നും സംഘർഷത്തെ സംബന്ധിച്ച് ചർച്ച നടത്താമെന്ന വാഗ്ദാനം പാലിക്കാൻ മേയർ തയ്യാറായില്ലെന്നും പ്രതിപക്ഷ നേതാവ് കെ സി. ശോഭിത പറഞ്ഞു. ജീവനക്കാരൻ ഓഫീസിൽ ഇരുന്ന് നടത്തുന്ന മദ്യപാനംപോലും അവഗണിക്കേണ്ടതാണെന്ന്‌ മേയർ നൽകുന്ന സൂചന നിർഭാഗ്യകരമാണ്. ഡപ്യൂട്ടേഷനിൽ എത്തിയ ജീവനക്കാരൻ കോർപ്പറേഷൻ ജീവനക്കാരൻ തന്നെയാണെന്ന് ഭരണസമിതി നേതൃത്വം തിരിച്ചറിയണം. ഇത്തരം ജീവനക്കാരുടെ പ്രവർത്തനം പരിശോധിക്കേണ്ടതും നിയന്ത്രിക്കേണ്ടതുംകോർപ്പറേഷൻ സെക്രട്ടറിയും ഭരണസമിതിയുമാണ്. കൗൺസിലർമാരുടെ ഉൾപ്പെടെ 2018 മുതൽ നൽകിയ 200ലേറെ അപേക്ഷകൾ സർവേ വിഭാഗത്തിൽ കെട്ടിക്കിടക്കുകയാണ്. നാട്ടുകാർക്കും ഓഫീസിന് തന്നെയും ഇവിടെ നിന്ന് വേണ്ടത്ര സേവനമോ പരിഗണനയോ ലഭിക്കുന്നില്ല. കൗൺസിലിനെയും കൗൺസിൽ യോഗത്തെയും മികച്ച നിലവാരത്തിൽ കൊണ്ടുപോകേണ്ട ഉത്തരവാദിത്വം ഭരണസമിതിക്കാണ്. കൗൺസിലിൽ എതിർ അഭിപ്രായം പറയുന്നവരെ അടിച്ചമർത്താനാണ് ശ്രമമെങ്കിൽ വിലപ്പോകില്ലെന്ന് അവർ വ്യക്തമാക്കി.