കോട്ടയം: നഗരത്തിന്റെ സാംസ്‌കാരിക ചരിത്രമുറങ്ങുന്ന താഴത്തങ്ങാടിയിൽ സായാഹ്നം ചിലവഴിക്കാൻ പണികഴിപ്പിച്ച വിശ്രമകേന്ദ്രം നാശത്തിന്റെ വക്കിൽ. മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കളപ്പുരക്കടവ് സായാഹ്ന വിശ്രമ കേന്ദ്രത്തെയാണ് അധികാരികൾ അവഗണിക്കുന്നത്. സായാഹ്ന വിശ്രമകേന്ദ്രമെന്ന് വിളിക്കാമെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ഇന്നും അന്യമാണ്. സഞ്ചാരികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് നഗരസഭാ വിശ്രമകേന്ദ്രം നിർമ്മിച്ചത്. 2003ൽ ബി.ഗോപകുമാർ നഗരസഭാ ചെയർമാനായിരുന്ന കാലത്താണ് വിശ്രമകേന്ദ്രത്തിന് അടിത്തറ പാകിയത്. കുട്ടികൾക്ക് കളിക്കാനായി റൈഡുകൾ, ഊഞ്ഞാൽ, ഇരിപ്പിടങ്ങൾ തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു. 2005ൽ വിശ്രമകേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. എന്നാൽ പല ഘട്ടങ്ങളിലും നവീകരണം മുടങ്ങിയതോടെ വിശ്രമകേന്ദ്രം നശിച്ചുതുടങ്ങി. താഴത്തങ്ങാടി വള്ളംകളിക്ക് പവലിയൻ കെട്ടാനും ഫിനിഷിംഗ് പോയിന്റായും ഈ ഭാഗം ഉപയോഗിക്കുന്നുണ്ട്. വള്ളംകളി നടക്കുന്ന സമയത്ത് നഗരസഭയുടെ നേതൃത്വത്തിൽ രണ്ടു ദിവസം മുൻപ് ശുചീകരിക്കും. എന്നാൽ, പിന്നീട് സായാഹ്ന കേന്ദ്രത്തിന്റെ അവസ്ഥ പഴയപടിയാകും. ഇവിടെ എത്തുന്നവർക്ക് ഇരിക്കുന്നതിനായി കോൺഗ്രീറ്റ് ഇരിപ്പിടങ്ങളും സ്ഥാപിച്ചിരുന്നു. ഇരിപ്പിടങ്ങൾ എല്ലാം ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണ്. ടൈൽ പാകിയ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും തകർന്നു. കുട്ടികൾക്കായി നിർമ്മിച്ച ഊഞ്ഞാൽ, റൈഡുകൾ തുടങ്ങിയവ പൂർണമായും നശിച്ചു. സംരക്ഷണഭിത്തികളും അപകടാവസ്ഥയിലാണ്. ഹരിതകർമ്മസേന ശേഖരിച്ച മാലിന്യം വിശ്രമകേന്ദ്രത്തിൽ ചാക്കിൽകെട്ടി സൂക്ഷിക്കുന്ന നിലയിലാണ്.

പരാതിയുണ്ട്, നാട്ടുകാർക്ക്


1400 വർഷം പഴക്കമുള്ള താഴത്തങ്ങാടി ജുമാമസ്ജിദ്, മതമൈത്രിയുടെ പ്രതീകമായി നിലകൊള്ളുന്ന തളിയിൽ മഹാദേവക്ഷേത്രം, വലിയ പള്ളി എന്നിവ സന്ദർശിക്കാൻ നിരവധിപ്പേർ എത്തുന്നുണ്ട്. ഇവർക്ക് വിശ്രമിക്കാൻ സ്ഥലമില്ലെന്നാണ് നാട്ടുകാരുടെ പരാതി. സായാഹ്ന വിശ്രമ കേന്ദ്രം നവീകരിച്ച് ജനങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാക്കി മാറ്റണമെന്ന ആവശ്യം ശക്തമാണ്.