ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉൽസവത്തിന്റെ എഴുന്നള്ളിപ്പ് സമയം കൊട്ടിപ്പാടി സേവ നടത്തുന്നു

വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിലെ പ്രധാന താന്ത്റിക ചടങ്ങായ ഉത്സവബലി നാളെ ആരംഭിക്കും. തന്ത്റിമാരായ ഭദ്റകാളി മ​റ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട്. മാധവൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.
പ്രഭാതത്തിലെ ശ്രീബലിക്ക് ശേഷം ശ്രീഭൂതബലിക്ക് പകരമായാണ് ഉത്സവബലി നടത്തുക.നാലമ്പലത്തിനകത്തും പുറത്തുമുള്ള ദേവപാർഷദൻമാർക്കും, തൽ പാർഷദന്മാർക്കും ജല ഗന്ധ പുഷ്പ ധൂപ ദീപ സമേതം ഹവിസ്സ് ബലി അർപ്പിക്കുന്നതാണ് ഉത്സവബലിയുടെ ചടങ്ങ്.
ഏഴാം ഉത്സവ ദിനമായ ഡിസംബർ 5നും ഉത്സവബലി ഉണ്ടാവും.

കൊട്ടിപ്പാടി സേവ

ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കൊട്ടിപ്പാടി സേവ ആരംഭിച്ചു. ഉത്സവ എഴുന്നള്ളിപ്പ് കിഴക്കേ ആനപ്പന്തലിൽ എത്തുന്ന സമയത്താണ് കൊട്ടിപ്പാടി സേവ നടത്തുക. ഇടക്ക, ചേങ്കില എന്നി വാദ്യോപകരണങ്ങൾ ഉപയോഗിച്ച് ദേവന്റെ സ്തുതി ഗീതങ്ങൾ ആലപിക്കുന്നതാണ് ചടങ്ങ്. ഉദയനാപുരം ഹരി, കലാപീഠം ഷൈമോൻ എന്നിവരും കലാപീഠം വിദ്യാർത്ഥികളും കൊട്ടിപ്പാടി സേവയിൽ പങ്കെടുത്തു. ഉത്സവത്തോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളിപ്പും വിളക്കെഴുന്നളളിപ്പും ഭക്തി സാന്ദ്രമായി. വിശേഷാൽ പൂജകൾക്ക് ശേഷം ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ ചിറക്കടവ് തിരുനീലകണ്ഠൻ തിടമ്പേ​റ്റി. വിവിധ വാദ്യമേളങ്ങൾ അകമ്പടിയായി.

ക്ഷേത്രരത്തിൽ ഇന്ന്

നാലാം ഉത്സവം.

രാവിലെ 5ന് പാരായണം, 8ന് ശ്രീബലി, നാദസ്വരം, ഉദയനാപുരം ഗണേശൻ , ചെമ്മനാകരി ഗോപൻ, തകിൽ ചെമ്മനാകരി അനീഷ്, ഉദയനാപുരം മഹേഷ്, 9ന് പാരായണം, 12ന് ഗോപിക.ജി.നായരുടെ ഓട്ടൻതുള്ളൽ, ഉത്സവബലി ദർശനം, പ്രസാദമൂട്ട്, വൈകിട്ട് 4ന് പാരായണം, 5 ന് വൈക്കം രാജേഷിന്റെ പുല്ലാം കുഴൽ കച്ചേരി, 7 ന് ഉദയനാപുരം നൂപുര ധ്വനി സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 8ന് അത്താഴ കഞ്ഞി, 8.30ന് വൈക്കം വിപഞ്ചികയുടെ കുറത്തിയാട്ടം, 9ന് വിളക്ക്.

.