വൈക്കം :ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടത്തിയ ചുവർ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തവർക്കും വാട്ടർ സ്ട്രീറ്റിനു ഗ്ലോബൽ അവാർഡ് നേടിയ മറവൻതുരുത്ത് പഞ്ചായത്തിനുമുള്ള അനുമോദന യോഗം 3ന് നടക്കും. വൈകിട്ട് 3ന് കുലശേഖരമംഗലത്ത് കൂട്ടമ്മേൽ നടക്കുന്ന യോഗം വിപ്ലവ ഗായിക പി.കെ മേദിനി ഉദ്ഘാടനം ചെയ്യും. മറവൻതുരുത്ത് ടൂറിസം ക്ലബ് പ്രസിഡന്റ് ടി.കെ.സുവർണ്ണൻ സ്വാഗതം പറയും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രഞ്ജിത്ത് ഗ്ലോബൽ അവാർഡ് നേടിയ മറവൻതുരുത്ത് പഞ്ചായത്തിനെ അനുമോദിക്കും. ചുവർചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനവിതരണം ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോർഡിനേ​റ്റർ കെ.രൂപേഷ് കുമാർ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ അധ്യക്ഷത വഹിക്കും. തൃതല പഞ്ചായത്തംഗങ്ങൾ വിവിധ രാഷ്ട്രീയ പ്രതിനിധികൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, മുൻ പ്രസിഡന്റുമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ടൂറിസം ക്ലബ്ബ് സെക്രട്ടറി കെ.ജി.വിജയൻ നന്ദി പറയും.