പാലാ-പൂഞ്ഞാർ ഹൈവേയിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി
പാലാ: ഇവരൊന്നും മനുഷ്യരല്ലേ...? ജനങ്ങൾക്ക് കുടിവെള്ളം എത്തുന്ന കൈത്തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നു. കുറ്റക്കാരെ പിടികൂടി
നിയമനടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... പൂഞ്ഞാർ ഹൈവേയിൽ മൂന്നാനി, ചെത്തിമറ്റം ഭാഗങ്ങളിൽ റോഡരികിലെ തോടുകളിൽ കക്കൂസ് മാലിന്യം തള്ളുന്ന സംഭവം തുടരുന്നു.
പാലാ-പൂഞ്ഞാർ ഹൈവേയിൽ ഐ.എം.എ. ജംഗ്ഷനിലെ കൈത്തോട്ടിൽ ബുധനാഴ്ച രാത്രി കക്കൂസ് മാലിന്യങ്ങൾ തള്ളി. ഒരു ടാങ്കർ ലോറിയിൽ കൊണ്ടുവന്ന മാലിന്യങ്ങളാണ് തള്ളിയതെന്ന് നഗസഭ കൗൺസിലർ സിജി ടോണി പറഞ്ഞു.
മൂന്നാഴ്ച മുമ്പും മൂന്നാനി ലോയേഴ്‌സ് ചേംബർ ഭാഗത്ത് കൈത്തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇവിടെ കോടതികളിലേക്കുള്ള വഴിയരികിലെ തോട്ടിലാണ് വൻതോതിൽ മാലിന്യം തള്ളിയത്. രാത്രിയിൽ പോകുന്ന ചില ടാങ്കർ ലോറികളെപ്പറ്റി ആളുകൾ സംശയം പ്രകടിപ്പിച്ചെങ്കിലും ഇതിൻമേലുള്ള അന്വേഷണം മുന്നോട്ടുപോയില്ല. കക്കൂസ് ടാങ്കുകൾ ക്ലീൻ ചെയ്യുന്ന സംഘമാണോ സംഭവത്തിന് പിന്നിലെന്ന് സംശയം ഉയർന്നിട്ടുണ്ട്.
ഇന്നലെ മുനിസിപ്പൽ കൗൺസിലർ സിജി ടോണി അറിയിച്ചതിനെ തുടർന്ന് മുനിസിപ്പൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുമ്മായം വിതറി.
പാലാ പ്രദേശത്ത് ആയിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന സ്രോതസുകളിലേയ്ക്കാണ് മാലിന്യം ഒഴുകിയെത്തുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് മീനച്ചിലാർ കാവൽമാടം പ്രവർത്തകർ ആവശ്യപ്പെട്ടു.
അന്വേഷണം ഊർജ്ജിതമാക്കണം
നഗരത്തിൽ ഹൈവേയുടെ ഓരത്തോടുചേർന്നുള്ള തോടുകളിൽ കക്കൂസ് മാലിന്യം തള്ളുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണം.
ആന്റോ ജോസ് പടിഞ്ഞാറേക്കര, നഗരസഭാ ചെയർമാൻ, പാലാ.