കോട്ടയം: മീനച്ചിലാറിന്റെ തീരത്ത് ടൂറിസം സാദ്ധ്യതകൾ ലക്ഷ്യമിട്ട് പണികഴിപ്പിച്ച താഴത്തങ്ങാടി ഹെറിറ്റേജ് സോൺ ആൻഡ് റിവർ ബ്യൂട്ടിഫിക്കേഷനെ കൈയൊഴിഞ്ഞ് ഡി.ടി.പി.സി. ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച വിശ്രമകേന്ദ്രവും, ഭക്ഷണശാലയുമാണ് നശിക്കുന്നത്. താഴത്തങ്ങാടി ആലുംമൂട് ജംഗ്ഷനിൽ നിന്നും കുളപ്പുരയിലേക്കുള്ള റോഡിന് സമീപം മീനച്ചിലാറിന്റെ തീരത്താണ് ടൂറിസം പ്രെമോഷന്റെ ഭാഗമായി വിശ്രമകേന്ദ്രവും, ഭക്ഷണശാലയും നിർമ്മിച്ചത്. ഡി.ടി.പി.സി കൈയൊഴിഞ്ഞതോടെ സംരക്ഷണം ഒന്നുമില്ലാതെ വിശ്രമകേന്ദ്രവും ഭക്ഷണ ശാലയ്ക്കായി നിർമ്മിച്ച കെട്ടിടങ്ങളും നാശത്തിന്റെ വക്കിലാണ്.
2013ൽ ടൂറിസം മന്ത്രിയായിരുന്ന എ.പി അനിൽകുമാറാണ് വിശ്രമകേന്ദ്രത്തിന്റെയും ഭക്ഷണശാലയുടെയും ഉദ്ഘാടനം നിർവഹിച്ചത്. മീനച്ചിലാറിന്റെ ഭംഗി ആസ്വാദിച്ച് സായാഹ്നങ്ങൾ ചിലവഴിക്കുന്നതിനും, താഴത്തങ്ങാടി വള്ളംകളി, കുമരകം താഴത്തങ്ങാടി മേഖലകളിൽ വന്നുപോകുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുമാണ് വിശ്രമകേന്ദ്രം ഉയർന്നത്. 50 ലക്ഷം രൂപ മുടക്കി 4 കെട്ടിടങ്ങളിലായി ഭക്ഷണശാലയും, സമീപത്തായി വിശ്രമകേന്ദ്രവും പണികഴിപ്പിച്ചു. വിവിധതരം നാടൻ ഭക്ഷണശാലകൾ, റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ആറിനോട് ചേർന്ന് സായാഹ്നങ്ങളിൽ വിശ്രമിക്കുന്നതിനായി പ്രത്യേക ഇരിപ്പിടങ്ങൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും വിശ്രമകേന്ദ്രത്തിലുണ്ടായിരുന്നു. എന്നാൽ, പിന്നീട് വിശ്രമകേന്ദ്രത്തിന്റെയും, ഭക്ഷണശാലയുടെയും പ്രവർത്തനം നിലച്ചു. ഇന്ന് അവിടെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും, സഞ്ചാരികൾ എത്താത്ത വിശ്രമകേന്ദ്രവും മാത്രമാണ് അവശേഷിക്കുന്നത്.
എല്ലാം നശിക്കുന്നു
ഭക്ഷണശാലയ്ക്കായി നിർമ്മിച്ച 4 കെട്ടിടങ്ങളും നാശത്തിന്റെ വക്കിലാണ്. കെട്ടിടത്തിന്റെ ഓടുകൾ പൂർണമായും നശിച്ചനിലയിലും. പായലും പൂപ്പലും പിടിച്ച് കെട്ടിടങ്ങളുടെ ഭിത്തികൾ വിണ്ടുകീറി. കെട്ടിടത്തിന്റെ വാതിലുകൾ തകർന്നു. ഷട്ടറുകൾ തുരുമ്പുപിടിച്ച് നശിക്കുകയാണ്. ആരും തിരിഞ്ഞു നോക്കാതായതോടെ വിശ്രമകേന്ദ്രം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. കെട്ടിടത്തിനകത്ത് നിറയെ മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും കുന്നുകൂടി കിടക്കുകയാണ്. ലഹരിമരുന്ന് ഉപയോഗവും വില്പനയും കെട്ടിടം കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിശ്രമകേന്ദ്രത്തിന്റെ മുന്നോട്ടുള്ള പ്രവർത്തിനായി ടൂറിസം വകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന ആവശ്യം ഉയരുന്നു.
ആറ് വർഷമായി പ്രവർത്തനം നിലച്ചിട്ട്. കെട്ടിടം പുതുക്കിനിർമ്മിച്ച് പ്രവർത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ടൂറിസം മന്ത്രിക്കും,ഡി.ടി.പി.സി അധികൃതർക്കും നിവേദനം നൽകിയിരുന്നു. നാളിതുവരെ നടപടിയായില്ല. ( തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ)