
കോട്ടയം.ചുരുങ്ങിയ ചെലവിൽ കായൽയാത്ര ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറുന്നു. കോട്ടയം കോടിമത ബോട്ട്‌ജെട്ടിയിൽ നിന്ന് ആലപ്പുഴയിലേക്ക് നടത്തുന്ന സർവീസ് ബോട്ട് യാത്രയ്ക്കാണ് സഞ്ചാരികളുടെ ഒഴുക്ക്. കായൽ തീരത്തെ ഗ്രാമീണ ഭംഗിയും കായൽ സൗന്ദര്യവും ആസ്വദിച്ച് ആലപ്പുഴ വരെയുള്ള ബോട്ട് യാത്ര സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ്.
കുറഞ്ഞ ചെലവിൽ, ഒരു ദിവസത്തെ ബഡ്ജറ്റിൽ വിനോദയാത്ര നടത്തുന്നവർക്ക് ഉപകാരപ്രദമാണ് സർവീസ് ബോട്ടിലെ കായൽ യാത്ര. 29 രൂപയാണ് ചാർജ്. മൂന്ന് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. 35 ജീവനക്കാരാണുള്ളത്.
ജില്ലയിലെ പ്രദേശിക വിനോദസഞ്ചാരികളെ കൂടാതെ, അന്യജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി പേരാണ് എത്തുന്നത്. ബുക്ക് ചെയ്‌തെത്തുന്നവർ കൂടുതലായതിനാൽ പലപ്പോഴും അഡീഷണൽ സർവീസും നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും എത്തുന്നു.
പുത്തനാറിൽ അശാസ്ത്രീയമായി സ്ഥിതി ചെയ്യുന്ന അഞ്ച് പൊക്ക് പാലങ്ങളാണ് ജലടൂറിസം സർവീസിന് തടസമായി നിൽക്കുന്നത്. വേഗ, അപ് ആൻഡ് ഡക്ക്, വാട്ടർ ടാക്‌സി, ശിക്കാര വള്ളം തുടങ്ങി നൂതന ബോട്ടുകൾ കോട്ടയത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും നാളിതുവരെ നടപടിയായില്ല. അവധിദിവസങ്ങൾ, ക്രിസ് മസ്, ന്യൂ ഇയർ പ്രമാണിച്ച് കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
സർവീസ് സമയം.
കോട്ടയത്ത് നിന്ന്
6.45, 11.30, 1, 3.30, 5.15 .
ആലപ്പുഴയിൽ നിന്ന്
7.15, 9.30, 11.30,2.30, 5.15 .
കൊവിഡ് കാലത്ത് തകർന്നുപോയ ജലടൂറിസംമേഖല വീണ്ടും സജീവമായി. മുൻപ് വിദേശ ടൂറിസ്റ്റുകളായിരുന്നു കൂടുതൽ. ഇപ്പോൾ അയൽജില്ലകളിൽ നിന്നുള്ളവരാണ് കൂടുതലായി എത്തുന്നത്.
ജയകുമാർ, ജീവനക്കാരൻ.