
കോട്ടയം. നഗരമദ്ധ്യത്തിൽ കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. അറസ്റ്റിലായ വേളൂർ വേളൂത്തറ മുഹമദ് അസ്ലം, മാണിക്കുന്നം തൗഫീഖ് മഹൽ അനസ്, കുമ്മനം പൊന്മല ക്രസന്റ് വില്ല ഷബീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്ന് പൊലീസ് അപേക്ഷ നൽകും.
തിങ്കളാഴ്ച രാത്രി ഗാന്ധിസ്‌ക്വയറിലാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിച്ച ശേഷം മടങ്ങിയ വിദ്യാർത്ഥിനിയെയും ആൺ സുഹൃത്തിനെയുമാണ് മൂന്നംഗസംഘം ക്രൂരമായി മർദിച്ചത്. കേസിന്റെ ആദ്യഘട്ടത്തിൽ വെസ്റ്റ് പൊലീസ് വിശദമായി മൊഴിയെടുത്തില്ലെന്ന വിദ്യാർത്ഥിനിയുടെ പരാതിയെത്തുടർന്ന് ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥിനിയെ ദൃശ്യങ്ങൾ കാണിച്ച് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചു. വിദ്യാർത്ഥിനിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി.