
കോട്ടയം : നാട്ടുകാരുടെ സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വൃദ്ധയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മകൻ അറസ്റ്റിലായി. പനച്ചിക്കാട് പാതിയപ്പള്ളിക്കടവ് തെക്കേകുറ്റ് ബിജുവിനെയാണ് (കൊച്ചുകുഞ്ഞ് - 52) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ബിജുവിന്റെ അമ്മ സതി (80) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നവംബർ 23നാണ് മരിച്ചത്. അമ്മ വീണു പരിക്കേറ്റെന്നാണ് ബിജു ആശുപത്രിയിൽ പറഞ്ഞത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ സംശയം തോന്നിയ ചിലർ പൊലീസിൽ അറിയിച്ചു. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ സതിയുടെ നെഞ്ചിലും മുഖത്തും ഏറ്റ സാരമായ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായി.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ബന്ധുക്കളെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. അങ്ങിനെയാണ് ബിജു അമ്മയുമായി വഴക്കുണ്ടാക്കുകയും നെഞ്ചിലും മുഖത്തും ചവിട്ടുകയായിരുന്നുവെന്നും കണ്ടെത്തിയത്. ബിജുവും സഹോദരിയും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. സഹോദരി അമ്മയെ കാണാൻ വരുന്നത് ബിജുവിന് ഇഷ്ടമായിരുന്നില്ല. 20ന് ഉച്ചയോടെ സഹോദരി അമ്മയെ കാണാൻ എത്തി. ഇതിലുള്ള വിരോധം മൂലം അമ്മയുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നെന്ന് ബിജു പൊലീസിനോട് പറഞ്ഞു. എസ്.എച്ച്.ഒ ജിജു ടി ആർ, എസ്.ഐ സുദീപ്, സി.പി.ഒ മാരായ സതീഷ് എസ്, സലമോൻ, മണികണ്ഠൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.