വെച്ചൂർ ചെറുവള്ളിക്കരി പാടത്ത് കൊയ്ത്തുയന്ത്രങ്ങൾ ഇറക്കാൻ കഴിഞ്ഞില്ല

കോട്ടയം:മഴയെ തുടർന്ന് വെള്ളം നിറഞ്ഞ പാടശേഖരങ്ങളിൽ കൊയ്ത്തുയന്ത്രങ്ങൾ താഴ്ന്നതിനെ തുടർന്ന്, നെല്ല് കൊയ്‌തെടുക്കാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിൽ. വെച്ചൂർ പഞ്ചായത്തിലെ അഞ്ച്, ആറു വാർഡുകളിലായി സ്ഥിതി ചെയ്യുന്ന ചെറുവള്ളിക്കരി പാടത്താണ് മഴയെത്തുടർന്ന് കൃഷിനാശം നേരിട്ടത്. 96 ഏക്കർ വിസ്തൃതിയുള്ള പാടത്ത് അര ഏക്കർ മുതൽ ഒരു ഹെക്ടർ വരെ നിലമുള്ള 46 കർഷകരാണുള്ളത്. 76 ഏക്കറോളം കൊയ്തുകഴിഞ്ഞപ്പോഴാണ് കനത്തമഴയെ തുടർന്ന് പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞത്. ശേഷിച്ച 20 ഏക്കറിൽ നാല് പാട്ടകർഷകരടക്കം എട്ടുപേരുടെ നെല്ലാണ് കൊയ്‌തെടുക്കേണ്ടിയിരുന്നത്. പമ്പിംഗ് നടത്തി വെള്ളക്കെട്ട് പരിഹരിച്ചെങ്കിലും നനവ് മാറാതിരുന്ന പാടത്ത് കൊയ്ത്തുയന്ത്രങ്ങൾ താഴ്ന്നു. 20000 രൂപ ഏക്കറിന് നൽകി പാട്ടകൃഷി ചെയ്ത നാല് കർഷകർക്ക് വിളവെടുക്കാൻ ഇരട്ടി തുക ചെലവാക്കേണ്ടി വന്നു. ഏക്കറിന് 30000 രൂപ വിനിയോഗിച്ച് കൃഷി ചെയ്ത പാടത്ത് ആദ്യം കൊയ്‌തെടുത്തവർക്ക് ഏക്കറിന് 20നും 25 ക്വിന്റലിനുമിടയിൽ നെല്ല് ലഭിച്ചു. കൊയ്ത്ത് യന്ത്രം താഴ്ന്നതിനെ തുടർന്ന് കൊയ്യാൻ കഴിയാതിരുന്ന കർഷകർക്ക് ഏക്കറിന് അഞ്ച് ക്വിന്റൽ നെല്ലാണ് ലഭിച്ചത്. പാട്ട കർഷകരായ വെച്ചൂർ ആലങ്കരത്തറ ലാൽ,മംഗലത്ത് മുരളീധരൻ, കുടവെച്ചൂർ കൈപ്പുഴപറമ്പിൽ രാമചന്ദ്രൻ നായർ,മഞ്ചാടിക്കരി കുടുകത്തറ മിനിമോൾ,സിന്ധു ഈരയിൽ, മനു ഈരയിൽ എന്നിവർക്ക് തൊഴിലാളികളെ ഇറക്കി നെല്ല് കൊയ്തെടുക്കാൻ ഭീമമായ തുക ചിലവഴിക്കേണ്ടിവന്നു. കൊയ്ത്തുയന്ത്രമിറക്കി വിളവെടുപ്പു നടത്താൻ കഴിയാതെ വന്നതോടെ വിളവിൽ പകുതിയിലധികം നഷ്ടമായെന്നും കർഷകർ പറയുന്നു. ഒരു പാടശേഖരത്തിലെ രണ്ട് മോട്ടോറുകൾ രണ്ട് വൈദ്യുതി ഭവന് കീഴിലായതും തിരിച്ചടിയായെന്ന് കർഷകർ വ്യക്തമാക്കി.

നാശനഷ്ടം വിലയിരുത്തി

വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ, സോജി ജോർജ്, ബിജു തുടങ്ങിയവർ പാടശേഖരം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. കൃഷിനാശം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി കൃഷി വകുപ്പിനോട് പഞ്ചായത്ത് കമ്മറ്റി ശുപാർശ ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു.