പൊൻകുന്നം: എലിക്കുളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ എലിക്കുളം എം.ജി.എം.യു.പി.സ്‌കൂളിൽ നടത്തും. 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്.
കഴിഞ്ഞ ഇരുപത്തിരണ്ട് വർഷമായി ബാങ്ക് പ്രസിഡന്റായ സെബാസ്റ്റ്യൻ പാറക്കന്റെ നേതൃത്തിലുള്ള ബാങ്ക് സംരക്ഷണമുന്നണിയും, യു.ഡി.എഫും തമ്മിലാണ് മത്സരം. ഒരു സ്വതന്ത്രനും മത്സരരംഗത്തുണ്ട്.
കഴിഞ്ഞതവണ നേതാക്കളുടെ ആശീർവാദത്തോടെ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിൽ മത്സരിച്ചപ്പോൾ സെബാസ്റ്റ്യൻ പാറയ്ക്കൽ നേതൃത്വം നൽകിയ പാനലിനായിരുന്നു വിജയം. ഇത്തവണ, അന്ന് അതേപാനലിൽ വിജയിച്ച ബാങ്ക് വൈസ് പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. കരുണാകരൻ നായർ ഉൾപ്പെടെയുള്ള മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ യു.ഡി.എഫ്.പാനലിൽ ഉൾപെട്ടതാണ് മത്സരം വാശിയേറിയതാക്കുന്നത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പടെ രണ്ട് പഞ്ചായത്ത് മെമ്പർമാരും യു.ഡി.എഫ് പാനലിൽ മത്സരിക്കുന്നുണ്ട്. നിക്ഷേപമണ്ഡലത്തിലാണ് സെബാസ്റ്റ്യൻ പാറയ്ക്കലും കെ.പി.കരുണാകരൻ നായരും നേരിട്ട് ഏറ്റുമുട്ടുന്നത്.