കോട്ടയം : വർഷം എട്ടായി ഏത് നിമിഷവും നിലംപൊത്താം. ഭീതിയോടെയാണ് കച്ചവടം ചെയ്യുന്നത്. കോടിമതയിലെ താത്കാലിക ഫിഷ് മാർക്കറ്റിൽ ജീവൻപണയം വച്ചാണ് ഇവർ നിൽക്കുന്നത്. 2014 എം.പി സന്തോഷ് കുമാർ മുൻസിപ്പൽ ചെയർമാനായിരുന്ന കാലത്താണ് താത്ക്കാലിക മാർക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. പച്ചമത്സ്യങ്ങളുടെയും ഉണക്കമത്സ്യങ്ങളുടെയും വ്യാപാരം നടക്കുന്നത് ചോർന്നൊലിക്കുന്ന ടാർപ്പോളീൻ ഷീറ്റിന് കീഴിലാണ്. പുതിയ കെട്ടിടം താത്ക്കാലിക കെട്ടിടത്തിന് എതിർവശത്തായി നിർമ്മാണം പൂർത്തിയാക്കിയെങ്കിലും തുറന്നു നൽകിയിട്ടില്ല. പുതിയ കടമുറികളിൽ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതിനാൽ താത്ക്കാലിക ഫിഷ് മാർക്കറ്റിൽ തന്നെ തുടരുകയാണ് മത്സ്യവ്യാപാരികൾ.
ഇരുമ്പ് തൂണുകളിൽ മുകളിൽ ഷീറ്റുകളിട്ടിരിക്കുകയാണ്. കാലപ്പഴക്കത്താൽ തൂണുകളും ഷീറ്റുകളും ദ്രവിച്ചു പൊളിഞ്ഞു വീഴാറായ നിലയിലാണ്. വേണ്ടത്ര സംവിധാനങ്ങളില്ലാത്തതിനാൽ, കോടിമത ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലേക്ക് ഇറക്കി മത്സ്യവ്യാപാരം നടത്തേണ്ട സ്ഥിതിയാണ്. മലിനജലം ഒഴുക്കികളയുന്നതിന് സൗകര്യമില്ലാത്തതിനാൽ റോഡിലേയ്ക്കാണ് ഇവ പരന്നൊഴുകുന്നത്. വഴിവിളക്കുകൾ തെളിയാത്തതിനാൽ, സന്ധ്യകഴിഞ്ഞാൽ പ്രദേശം ഇരുട്ടിലാകും. സമീപത്തെ പച്ചക്കറി മാർക്കറ്റിന്റെ സ്ഥിതിയും സമാനമാണ്.