logo

കോട്ടയം. കാഞ്ഞിരപ്പള്ളിയിൽ കലയുടെ കേളികൊട്ടുയരാൻ ഇനി ഒരു നാൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. 9 വരെയാണ് കലോത്സവം. നാളെ ഉച്ചകഴിഞ്ഞ് 3.30ന് സെ​ന്റ് മേരീസ് സ്കൂളിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5ന് സെന്റ് ഡൊമിനിക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് കലോത്സവം ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡ​ന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം ബാബു ആ​ന്റണി മുഖ്യാതിഥിയായിരിക്കും. ഇന്ന് രാവിലെ 11 മുതൽ സ്കൂളുകളുടെ രജിസ്ട്രേഷൻ ആരംഭിക്കും.

മാറ്റുരക്കാൻ 5534 വിദ്യാർത്ഥികൾ

യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 1804 ആൺകുട്ടികളും 3730 പെൺകുട്ടികളും ഉൾപ്പെടെ 5534 വിദ്യാർത്ഥികളാണ് കലാമാമാങ്കത്തിൽ മാറ്റുരക്കാനെത്തുന്നത്. യു.പി - 171, ഹൈസ്കൂൾ - 154, ഹയർ സെക്ക​ൻഡറി - 113 സ്കൂളുകളാണ് പങ്കെടുക്കുക. സംസ്കൃതോത്സവവും അറബി കലോത്സവവും ഇതോടൊപ്പം നടക്കും.

6 സ്കൂളിൽ 19 വേദികൾ

സെന്റ് ഡൊമിനിക്സ് ഹയർസെക്കൻഡറി
സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ
എ.കെ.ജെ.എം ഹയർസെക്കൻഡറി സ്കൂൾ
നൂറുൽ ഹുദാ അറബിക് യുപി സ്കൂൾ
പേട്ട ഗവ. ഹൈസ്കൂൾ
മൈക്ക ഇംഗ്ലിഷ് മീഡിയം സ്കൂൾ

നാളെ 19 വേദികളിലും 7ന് 12 വേദികളിലും 8ന് 11 വേദികളിലും 9ന് ഏഴ് വേദികളിലും മത്സരങ്ങൾ നടക്കും. സെ​ന്റ് മേരീസ് സ്കൂളിലാണ് ഭക്ഷണം . പങ്കെടുക്കുന്ന കുട്ടികൾക്കടക്കം എല്ലാവർക്കും മൂന്നു നേരം ഭക്ഷണം ഒരുക്കും. ഉദ്ഘാടന ദിവസം ഉച്ചയ്ക്കും രാത്രിയിലുമാണ് ഭക്ഷണം. ​സ്റ്റേജ്, ഭക്ഷണം, പന്തൽ ഉൾപ്പെടെ വിവിധ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.