
കോട്ടയം : അമിതവേഗം ചിലർക്ക് ഹരമായി മാറുമ്പോൾ പൊലിയുന്നത് വിലപ്പെട്ട ജീവനുകൾ. അപകടകരമായി ഡ്രൈവിംഗ് നടത്തി നിരത്തുകളിൽ ഭീഷണിയാകുന്നവരെ നിലയ്ക്കു നിറുത്തേണ്ട നിയമങ്ങളും അധികാര സംവിധാനങ്ങളും നോക്കുകുത്തികളായി മാറുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് നടന്നത്. ജീവൻ പൊലിഞ്ഞവരിൽ ഏറെയും ചെറുപ്പക്കാർ. പൊൻകുന്നം പനമറ്റത്തിന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രിക മരിച്ചതാണ് ഒടുവിലത്തേത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസിന്റെ നിരന്തരമുള്ള വാഹനപരിശോധന ജനത്തെ വലയ്ക്കുമ്പോഴാണ് ലക്കുംലഗാനുമില്ലാതെ ബസുകളും, ഇരുചക്രവാഹനങ്ങളും നിരത്തുകൾ കീഴടക്കുന്നത്. അമിതവേഗവും ട്രാഫിക് നിയമലംഘനങ്ങളുമാണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്. അശ്രദ്ധമായ ഡ്രൈവിംഗിനൊപ്പം മൊബൈൽ ഉപയോഗവും പ്രശ്നമാകുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതും ഹെൽമറ്റില്ലാതെ യാത്രചെയ്യുന്നതും അപകടങ്ങളുടെ എണ്ണംകൂട്ടി.
വില്ലൻ റോഡിലെ കുഴികളും
റോഡുകളിലെ പാതാളക്കുഴികൾ അപകടങ്ങളുടെ ആക്കം കൂട്ടുകയാണ്. ഇരുചക്രവാഹനങ്ങൾക്കാണ് കുഴികൾ പ്രധാന വില്ലൻ. കുഴിയിൽ ചാടിയും വെട്ടിച്ചുമുളള അപകടങ്ങൾ നിരവധിയാണ്. ജില്ലയിലെ ഭൂരിഭാഗം പ്രാദേശിക റോഡുകളും കനത്തമഴയിൽ തകർന്ന നിലയിലാണ്. നാഗമ്പടം പാലത്തിന് സമീപം അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസം ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. രാത്രികാലങ്ങളിൽ അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടാതെ പെട്ടെന്ന് വെട്ടിക്കുമ്പോൾ നിയന്ത്രണം വിടാൻ ഏറെ സാദ്ധ്യതയാണ്.
നിയമം ആർക്ക് വേണ്ടി
ജില്ലയിലുണ്ടായ റോഡപകടങ്ങളിൽ ഭൂരിഭാഗവും റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാത്തത് മൂലമാണ്. വൺവേ തെറ്റിക്കലും നിയമം പാലിക്കാത്തതും തുടർക്കഥയാകുകയാണ്. നഗരത്തിൽ വൺവേ തെറ്റിച്ച് വാഹനമോടിക്കുന്നത് പതിവ് കാഴ്ചയാണ്. ഇതിൽ കെ.എസ്.ആർ.ടി.സി പോലും ഉൾപ്പെടുന്നു. പരിശോധന ബൈക്ക് യാത്രക്കാരിൽ ഒതുങ്ങിയതോടെ ജനങ്ങളുടെ ജീവനു വില കല്പിക്കാതെയാണ് ബസുകളുടെ മരണപ്പാച്ചിൽ.റോഡിന്റെ ഇടതുവശം ചേർന്നു പോകണമെന്നാണ് നിയമമെങ്കിലും ബസുകൾക്കും, ബൈക്കുകൾക്കും ഇത് ബാധകമല്ല. ഇൻഡിക്കേറ്റർ ഇടാതെ പെട്ടെന്ന് ബസുകൾ ഇടത് വശത്തേക്ക് തിരിയുന്നതും അപകടമുണ്ടാക്കുന്നു.
ഭൂരിഭാഗവും ബൈക്ക് യാത്രക്കാർ
റോഡപകടങ്ങളിൽപ്പെടുന്നവരിൽ ഭൂരിഭാഗവും ബൈക്ക് യാത്രക്കാരാണ്. ഏറെയും യുവാക്കൾ. രാത്രികാലങ്ങളിൽ കാര്യമായ പരിശോധനകൾ ഇല്ലാത്തതും അപകടങ്ങൾ പെരുകാൻ ഇടയാക്കി. പകൽസമയങ്ങളിൽ പോലും വില കൂടിയ ബൈക്കുകളിൽ കുതിച്ച് പായുന്ന ന്യൂജെൻ സംഘത്തെ ഭീതിയോടെയാണ് യാത്രക്കാർ നോക്കുന്നത്. കഴിഞ്ഞവർഷം ചങ്ങനാശേരി ബൈപാസിൽ മത്സരയോട്ടത്തിനിടെ ഡ്യൂക്ക് ബൈക്ക് നിയന്ത്രണംവിട്ട് കാറുമായി കൂട്ടിയിടിച്ച് മൂന്നു ചെറുപ്പക്കാർ മരണമടഞ്ഞിരുന്നു. തുടർന്ന് പരിശോധനകൾ വ്യാപകമാക്കിയെങ്കിലും പിന്നീട് നിലച്ചു.
പെറ്റിയടിപ്പിക്കാൻ എന്തൊരു ഉത്സാഹം.
രേഖകൾ കൈവശം ഉണ്ടെങ്കിലും എന്തെങ്കിലും കാരണം പറഞ്ഞ് പിഴ ഈടാക്കുന്നത് പതിവാണ്. അടുത്തടുത്ത സ്ഥലങ്ങളിലും ഒരു സമയം ഒന്നിലേറെ വാഹനങ്ങൾ തടഞ്ഞുനിറുത്തിയും നടത്തുന്ന പരിശോധനക്കെതിരെയാണ് വ്യാപക പരാതി. ഏറെ തിരക്കുള്ള ഓഫീസ് സമയങ്ങളിൽ ട്രാഫിക് സിഗ്‌നലുകൾക്കും പ്രധാന ജംഗ്ഷനുകൾക്കും സമീപം പരിശോധന പതിവാണ്.