ഉഴവൂർ : കെ.എസ്.ഇ.ബി മരങ്ങാട്ടുപിള്ളി സെക്ഷനിൽ ഉഴവൂർ സബ് ഡിവിഷന്റെ കീഴിലുള്ള ബിൽ കളക്ഷൻ സെന്റർ അനിശ്ചിത കാലത്തേയ്ക്ക് നിറുത്തിവച്ചത് ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്നു. ബിൽ അടയ്ക്കാൻ ആളുകൾ മരങ്ങാട്ടുപിള്ളി ഓഫീസിനെയോ, അക്ഷയ കേന്ദ്രങ്ങളെയോ ആശ്രയിക്കുകയാണ്. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഗ്രാമപഞ്ചായത്ത് വക അനക്‌സ് കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന കളക്ഷൻ സെന്ററിന്റെ പ്രവർത്തനം പുനഃരാരംഭിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മോൻസ് ജോസഫ് എം.എൽ.എ, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തിര ഇടപെടൽ ആവശ്യപ്പെടുമെന്നും പ്രസിഡന്റ് അറിയിച്ചു.